മൂന്നാർ: സർക്കാർ പുറമ്പോക്കിൽനിന്നും ലക്ഷങ്ങളുടെ പാറ പൊട്ടിച്ച് കടത്തിയ വാഹനങ്ങൾ റവന്യൂ വകുപ്പ് പിഴയീടാക്കാതെ വിട്ടുകൊടുത്തതായി ആരോപണം. കഴിഞ്ഞ നവംബർ 21-നാണ് പോതമേട്ടിൽനിന്നും പാറപൊട്ടിച്ച കടത്തിയ നാലുവാഹനങ്ങൾ സബ്ബ് കളക്ടറുടെ നിർദേശപ്രകാരം റവന്യൂ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഹെഡ് വർക്സ് ഡാം-20 ഏക്കർ റോഡുപണിയുടെ മറവിലാണ് കരാറുകാരായ കുഞ്ചിതണ്ണി ലേബർ കോൺട്രാക്ട് സൊസൈറ്റി പാറ പൊട്ടിച്ചുകടത്തിയത്.
അഞ്ചുകോടി രൂപയ്ക്കാണ് റോഡ് നിർമാണത്തിന് കരാറെടുത്തിരിക്കുന്നത്. പൊട്ടിച്ചുകടത്തിയ പാറയുടെ ഒരുഭാഗം റോഡുപണിക്കാവശ്യമുള്ള മെറ്റലിനായി ഉപയോഗിച്ചെങ്കിലും ഈ തുക കരാർ തുകയിൽ കുറവ് ചെയ്തില്ല. പാറ പൊട്ടിച്ചു കടത്തിയതിന്റെ പിഴ ജില്ലാ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നൽകിയ ശേഷമേ വാഹനങ്ങൾ വിട്ടുനൽകു എന്നായിരുന്നു റവന്യൂ വകുപ്പിന്റെ തീരുമാനം. ജീയോളജി വകുപ്പ് വാഹനമൊന്നിന് 25000 രൂപാ പ്രാഥമിക പിഴയായി ഈടാക്കാമെന്ന് റിപ്പോർട്ടും നൽകിയിരുന്നു. എന്നാൽ, ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഇടപെടലിനെ തുടർന്ന് ഒരുരൂപാ പോലും പിഴയീടാക്കാതെ വാഹനങ്ങൾ റവന്യുവകുപ്പ് വിട്ടു കൊടുത്തു. ഇതിലൂടെ സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.