അടിമാലി : പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടിവന്ന കുട്ടികളുടെ തുടർ പഠനത്തിന് സർക്കാർ എല്ലാസഹായവും നൽകുമെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താൻ സർക്കാർ ഇടപെടുന്നതെന്നും മന്ത്രി പറഞ്ഞു. കല്ലാർകുട്ടി സർക്കാർ സ്കൂളിന്റെ ഭാഗമായി സമഗ്രശിക്ഷാ വിഭാഗം ആരംഭിക്കുന്ന ആൺകുട്ടികളുടെ ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ബിജി അധ്യക്ഷനായി. സംസ്ഥാന പ്രൊജക്ട് ഡയറക്ടർ ഡോ. എ.പി.കുട്ടികൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ കവിത സന്തോഷ്, സുധ അനിൽകുമാർ, ഡയറ്റ് പ്രിൻസിപ്പൽ കെ.എം.സോമരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഹോസ്റ്റൽ
പിന്നോക്കമേഖലയിലെ കുട്ടികൾക്ക് താമസിച്ച് പഠനം നടത്തുന്നതിനായിട്ടാണ് ഹോസ്റ്റൽ സജ്ജമാക്കിയിട്ടുള്ളത്. മണ്ഡലത്തിലെ 28 ആദിവാസി കുടികളിൽ നിന്നുള്ള 50 കുട്ടികൾക്കാണ് ഹോസ്റ്റലിൽ താമസ സൗകര്യമൊരുക്കിയിട്ടുള്ളത്. ഒന്നുമുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്കാണ് ഇവിടെ താമസിച്ച് പഠിക്കുവാനുള്ള അവസരം. പഠനത്തോടൊപ്പം കലാ, കായിക പരിശീലനം, വ്യക്തിത്വ വികസനം തുടങ്ങിയ കാര്യങ്ങളിലും പരിശീലനം നൽകും.