അടിമാലി: കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയത്തിൽ തകർന്ന വീട് പുനർനിർമിക്കാൻ സഹായം ലഭിച്ചില്ല. വീട് നന്നാക്കാൻ പണത്തിനായി വൃക്ക വിൽക്കാൻ തയ്യാറായി വയോധികൻ വീടിന് മുമ്പിൽ ബോർഡ് സ്ഥാപിച്ചു. വെള്ളത്തൂവൽ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ താമസിക്കുന്ന തണ്ണികോട്ട് ജോസഫ് (80) ആണ് ബോർഡ് സ്ഥാപിച്ചത്.

നാൽപ്പത് വർഷമായി ഇവിടെ താമസിക്കുകയാണ് ജോസഫ്. വീടിനോട് ചേർന്നുള്ള മുറികൾ വാടകയ്ക്കുകൊടുത്തായിരുന്നു ജോസഫും ഭാര്യയും കഴിഞ്ഞിരുന്നത്. പ്രളയത്തിൽ മണ്ണിടിഞ്ഞുവീണ് വീട് നശിച്ചു. ഇതിനെത്തുടർന്ന് ഉപജീവനം മുടങ്ങി. വീട് പുനർ നിർമിക്കാൻ ഇതുവരെ സർക്കാരിൽനിന്നു സഹായം ലഭിച്ചില്ല. കൈക്കൂലി നൽകാത്തതാണ് കാരണമെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. ഇതിനെ തുടർന്നാണ് വീടിനുമുമ്പിൽ ബോർഡ് സ്ഥാപിച്ചത്.

പഞ്ചായത്ത്-റവന്യൂ അധികാരികൾ പരിശോധന നടത്തി നഷ്ടം വിലയിരുത്തിയിരുന്നു. വാടക വീട് പൂർണമായി നശിച്ചു. ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബത്തിന്റെ വീട്ടുസാധനങ്ങൾ പൂർണമായി നശിച്ചിരുന്നു. ഇവർക്ക് നഷ്ടപരിഹാരം നൽകി.

ജോസഫിന്റെ അപേക്ഷ പ്രകാരം റവന്യൂ വകുപ്പ് 60,000 രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഈ തുക ജോസഫ് കൈപ്പറ്റിയില്ല. വീട് പണിയാൻ ഇത്ര നഷ്ടപരിഹാരം പോരാ എന്ന് ജോസഫ് കളക്ടർക്ക് അപ്പീൽ നൽകിയിട്ടുണ്ട്. ഇത് പരിഗണനയിലാണെന്ന് വെള്ളത്തൂവൽ വില്ലേജ് ഓഫീസർ റഷീദ് പറഞ്ഞു.
 

Content Highlights: kerala flood 

മണ്ണിടിഞ്ഞ് തകർന്ന വീട് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മണ്ണ് പൂർണമായി നീക്കിയതെന്നും വാടകക്കെട്ടിടവും മറ്റും ജോസഫ് നിർമിച്ചിരിക്കുന്നത് പുറമ്പോക്ക് ഭൂമിയിലാണെന്നും വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ കവിതാ സന്തോഷ് പറഞ്ഞു.