നെടുങ്കണ്ടം : നെടുങ്കണ്ടം ടൗണിലും പരിസരപ്രദേശങ്ങളിലും കോവിഡ് അതിവ്യാപനം. ടൗണിലെ വ്യാപാരിയുടെ കുടുംബത്തിലെ എട്ടുപേർക്ക് കോവിഡ് ബാധിച്ചിട്ടും പുറത്തറിയിക്കാതെ ഇയാളുടെ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിച്ചതായും ആക്ഷേപമുയരുന്നു.

ആരോഗ്യവകുപ്പ് അറിയാതെ മെഡിക്കൽ സ്റ്റോറിൽനിന്ന്‌ കിറ്റ്‌ വാങ്ങി വ്യാപാരിയും കുടുംബവും പരിശോധന നടത്തിയതായാണ് വിവരം. ഈ വീട്ടിലെ കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾമൂലം കഴിഞ്ഞദിവസം ആശുപത്രിയിലെത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവായതും വീട്ടിലെ എട്ടുപേർക്ക് കോവിഡാണെന്നുള്ള വിവരം പുറംലോകമറിയുന്നതും.

കുടുംബത്തിന്റെ രോഗബാധയെക്കുറിച്ച്‌ ആരോഗ്യവകുപ്പിനോ പഞ്ചായത്തിനോ മറ്റ് അധികൃതർക്കോ അറിയില്ല.

ഇവരുടെ കുടുംബവുമായി കഴിഞ്ഞദിവസങ്ങളിൽ സമ്പർക്കത്തിലേർപ്പെട്ട ആറുപേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഡി.എം.ഒ. റിപ്പോർട്ട് തേടിയിട്ടുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണമാരംഭിച്ചു.

നെടുങ്കണ്ടം ടൗണുൾപ്പെടുന്ന മൂന്നാംവാർഡിൽ നാലുദിവസത്തിനിടെ 73 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നെടുങ്കണ്ടത്ത് കോവിഡ് വ്യാപനത്തിന്റെ തോത് കുറച്ചുകാണിച്ച് വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ ചിലർ ശ്രമിക്കുന്നതായാണ് ഉയരുന്ന ആരോപണം.

നെടുങ്കണ്ടത്ത് പോസിറ്റിവിറ്റി നിരക്ക് 14-ൽത്താഴെയാക്കാനായി ടെസ്റ്റുകളിൽ തിരിമറി നടത്തുന്നുവെന്നും ആരോപണമുണ്ട്. ടി.പി.ആർ. 19.5 ആണെന്നാണ് അനൗദ്യോഗികവിവരം.

പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചുകാണിക്കുന്നതിനായി, രോഗവ്യാപനമില്ലാത്ത കേന്ദ്രങ്ങളിൽ പരിശോധനകൾ നടത്തുന്നതായാണ് ഉയരുന്ന ആരോപണം. മൂന്നാംവാർഡിൽമാത്രം എഴുപതിലധികം രോഗികളാണ് നിലവിലുള്ളത്. ഇനിയും നിരവധിപേരുടെ ഫലം വരാനുണ്ട്.