നെടുങ്കണ്ടം : ഉടുമ്പൻചോല-ചെമ്മണ്ണാർ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഉടുമ്പൻചോല കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മണ്ണാറിൽ വഴിതടയൽ സമരം നടത്തി.

രണ്ടുവർഷമായി ഈ റോഡ് തകർന്നുകിടക്കുകയാണ്. കാൽനടയാത്രപോലും അസാധ്യമാണ്. മേഖലയിലുള്ളവർക്ക് നെടുങ്കണ്ടം, രാജാക്കാട്, രാജകുമാരി, അടിമാലി തുടങ്ങിയ സ്ഥലങ്ങളിലേക്കുപോകാൻ ആശ്രയം ഈ റോഡാണ്.

റോഡിന്റെ പുനർനിർമാണ നടപടികൾ ആരംഭിച്ചെങ്കിലും റോഡുനിർമാണത്തിന്റെ മറവിൽ കരാറുകാരൻ മരങ്ങൾ മുറിച്ചുകടത്തിയത് വിവാദമായിരുന്നു. സംഭവത്തിൽ കരാറുകാരനെ പ്രതിയാക്കി വനംവകുപ്പ് കേസെടുത്തിരുന്നു. ഈ കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. ഇതോടെയാണ് ഉടുമ്പൻചോല-ചെമ്മണ്ണാർ റോഡ് പുനർനിർമാണം നിലച്ചത്.

പുതിയ റോഡ് നിർമിക്കാനായി പഴയ റോഡ് കുത്തിപ്പൊളിച്ചതും നിലവിൽ ഗതാഗതത്തിന് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ജനപ്രതിനിധികളുടെ നിഷേധാത്മകമായ സമീപനംകൊണ്ടാണ് റോഡ് അനാഥമായി കിടക്കുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം.

പ്രദേശത്തോടുള്ള സർക്കാരിന്റെയും എം.എം.മണി എം.എൽ.എ.യുടെയും അവഗണന അവസാനിപ്പിക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

രാവിലെ 11മുതൽ 11.15വരെ കുരിശുപള്ളിക്കവലയിൽ നടത്തുന്ന വഴിതടയൽ സമരം ഡി.സി.സി. ജന.സെക്രട്ടറി അഡ്വ. സേനാപതി വേണു ഉദ്ഘാടനംചെയ്തു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാന്റോച്ചൻ കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ബെന്നി തുണ്ടത്തിൽ, എ.കെ.ജോസഫ്, കുട്ടിയച്ചൻ കല്ലുപുര, പി.ഡി.ജോർജ്, ഷാജു മാടപ്പാട്ട്, ബിജു ഇടുക്കാർ, ബാബു മേലാളത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

സമരത്തിൽ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു. വഴിതടയലിനിടെ രോഗിയുമായെത്തിയ വാഹനം കടത്തിവിട്ട് പ്രവർത്തകർ മാതൃകയായി.