കുഞ്ചിത്തണ്ണി : എല്ലക്കൽ ടൗണിൽ വിനോദസഞ്ചാരികൾ യാത്ര ചെയ്തുകൊണ്ടിരുന്ന കാറിന് തീപിടിച്ചു. നാട്ടുകാർ ചേർന്ന് തീയണച്ചു. ആളപായമില്ല. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. തൃശ്ശൂർ അത്താണി സ്വദേശികളായ മൂന്നംഗ സംഘം മൂന്നാർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കാണുന്നതിനായി എത്തിയതായിരുന്നു. കുരങ്ങുപാറയിലെ റിസോർട്ടിൽ താമസത്തിന് മുറി ബുക്ക് ചെയ്തിരുന്ന ഇവർ അവിടേക്ക് പോകുന്നതിനായി എല്ലക്കൽ ടൗണിൽ എത്തിയപ്പോൾ കാറിന്റെ മുൻ ഭാഗത്തുനിന്നും തീയും പുകയും ഉയരുകയായിരുന്നു. ഉടൻതന്നെ വാഹനം നിർത്തി എല്ലാവരും പുറത്തിറങ്ങി. നാട്ടുകാർ ഓടിക്കൂടി വെള്ളമൊഴിച്ച് തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.