ബൈസൺവാലി: ഉത്പാദനം കുറഞ്ഞു, ഉള്ളതിനൊട്ട് വിലയുമില്ല. ഹൈറേഞ്ചിലെ ഏത്തവാഴ കർഷകരുടെ നെഞ്ച് പുകയുകയാണ്.

കടം വാങ്ങിയും പണയം വെച്ചുമൊക്കെ കൃഷിയിറക്കിയത് ഓണവിപണി പ്രതീക്ഷിച്ചായിരുന്നു. എന്നാൽ, അത്തം പുലരാൻ രണ്ടാഴ്ചമാത്രം ശേഷിക്കെ ഇപ്പോഴും വാഴക്കുലയുടെ വില താഴ്ന്നുതന്നെ നിൽക്കുകയാണ്.

ഇത്തവണയും നിരാശ

ഓണക്കാലത്ത് ഉപ്പേരിക്കും മറ്റുമായി ആവശ്യക്കാരേറുമ്പോൾ എത്തക്കായ്ക്ക് വില ഉയരുന്നതാണ് പതിവ്. ഏതാനും വർഷം മുൻപ് വരെ കിലോയ്ക്ക് 45 മുതൽ 50 വരെ വില ഓണക്കാലത്ത് കിട്ടുമായിരുന്നു.

2018-ലെ മഹാപ്രളയത്തിൽ വാഴക്കൃഷിക്കാണ് ഏറ്റവും നാശമുണ്ടായത്. അത്തവണ തീർത്താൽ തീരാത്ത നഷ്ടമാണ് ഉണ്ടായത്. എങ്കിലും അടുത്ത വർഷവും ഇവർ കടം മേടിച്ച് കൃഷിയിറക്കി. തമിഴ്നാട്ടിൽനിന്നുള്ള വാഴക്കുലകൾ വ്യാപകമായി വന്നതോടെ പഴയമട്ടിൽ വില ലഭിച്ചില്ല. കൂടുതൽ നഷ്ടം.

കഴിഞ്ഞ വർഷം ഓണക്കാലത്ത് കിലോയ്ക്ക് 35 രൂപ വരെ ലഭിച്ചിരുന്നു. തമിഴ്നാട്ടിൽ നിന്ന് വാഴക്കുലകൾ വന്നതോടെ വില വീണ്ടും താഴ്ന്നു.

ഇത്തവണ ഓണം അടുത്തിട്ടും 25 മുതൽ 30 വരെ വിലയേ ലഭിക്കുന്നുള്ളൂ. വിളവും കുറവാണ്. ആകെ നട്ടംതിരിഞ്ഞ അവസ്ഥ.

ഇതിനിടെ വളത്തിന്റെ വില വൻതോതിൽ വർധിച്ചിരുന്നു. ഇതിനാൽ ഉത്പാദന ചെലവ് കൂടി. അതിന്റെ പകുതിയെങ്കിലും തിരിച്ചുകിട്ടുമോ എന്ന ഭയത്തിലാണ് കർഷകർ.

കോവിഡാണ് പ്രശ്നം

ഈ ഓണവും കോവിഡിന്റെ പിടിയിലായതാണ് വില ഉയരാതിരിക്കാൻ കാരണം. നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പച്ച ഏത്തക്കായ്ക്കും ഏത്തപ്പഴത്തിനും ആവശ്യക്കാർ കുറഞ്ഞു. ഹോസ്റ്റലുകളുടെയും ഹോട്ടലുകളുടെയുമൊക്കെ പ്രവർത്തനം സാധാരണനിലയിൽ ആവാത്തതും ഏത്തയ്ക്കായുടെ ഉപയോഗത്തിലെ ഇടിവിന് കാരണമായിട്ടുണ്ട്.

ഉപ്പേരിയും മറ്റും മുൻ വർഷങ്ങളിൽ വറത്തിരുന്ന കേന്ദ്രങ്ങൾ, ഇത്തവണ ഉത്പാദനം തീരെ കുറച്ചു. ഇതും തിരിച്ചടിയായി.

ഇപ്പോൾ കൂടണം

വില ഇപ്പോൾ ഉയർന്നാൽ മാത്രമേ കർഷകർക്ക് പ്രയോജനമുള്ളൂ. ഭക്ഷ്യനിർമാണ യൂണിറ്റുകളിൽ ഉപ്പേരിയും മറ്റും വറത്തുതുടങ്ങുന്നത് ഇപ്പോഴാണ്. വരും ദിവസങ്ങളിൽ ആവശ്യക്കാർ കൂടുതൽ ഉണ്ടാകുമെന്നും വില ഉയരുമെന്നുമാണ് കർഷകരുടെ പ്രതീക്ഷ.

പകുതിപോലും കിട്ടുന്നില്ല

തൊഴിലാളികളുടെ കൂലിയും വിത്തിന്റെയും വളത്തിന്റെയും കീടനാശിയുടെയും വിലയും കൂടിയ സാഹചര്യത്തിൽ ഏത്തക്കായ്ക്ക് ഉയർന്ന വില ലഭിച്ചാൽ മാത്രമേ കൃഷി ആദായകരമാവൂ. എന്നാൽ ഉയർന്ന വില പോയിട്ട് പഴയ വിലയുടെ പകുതി മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്.

പ്രദീപ് ജി.നായർ

കർഷകൻ, ദേശീയം

ഓണത്തിന് വില ഉയരുന്നില്ല

ഓണസീസൺ കണക്കാക്കിയാണ് ഏത്തവാഴക്കൃഷി തന്നെ നിലനിൽക്കുന്നത്. എന്നാൽ കുറെ വർഷങ്ങളായി വിവിധ കാരണങ്ങളായിട്ട് ഓണസീസണിൽ പ്രതീക്ഷിച്ച വില ലഭിക്കുന്നില്ല. ഇങ്ങനെ പോയാൽ വേറെ കൃഷികളെ ആശ്രയിക്കേണ്ടിവരും.

റെജി പി.ജി.

കർഷകൻ, കുഞ്ചിത്തണ്ണി.