തൊടുപുഴ : വാടകവീട്ടിൽനിന്ന്‌ ഏഴരക്കിലോ കഞ്ചാവും സ്ഫോടകവസ്തുക്കളും പിടികൂടിയ സംഭവത്തിൽ പ്രതി മുട്ടം കോടതിയിൽ കീഴടങ്ങി. തെക്കുംഭാഗം പറയാനിക്കൽ അനൂപ് കേശവൻ(37)ആണ് കീഴടങ്ങിയത്. അഞ്ചിരി കുട്ടപ്പൻകവലയിൽ ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽനിന്ന് കഞ്ചാവും ഡിറ്റണേറ്ററുകളും ഉണക്കയിറച്ചിയും വാറ്റുപകരണങ്ങളും സെപ്റ്റംബർ 23-ന് തൊടുപുഴ പോലീസ് കണ്ടെടുത്തിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്ത് പീരുമേട് സബ് ജയിലിലേക്കയച്ചു.

പോലീസ് വ്യാപക അന്വേഷണം നടത്തിവരുന്നതിനിടെയാണ് കോടതിയിൽ കീഴടങ്ങിയത്. ഏതാനും ദിവസംമുൻപ് വാഹന പരിശോധനയ്ക്കിടെ മുട്ടം-പെരുമറ്റം റോഡിൽ മലങ്കരഗേറ്റിനു സമീപത്തുനിന്നു രണ്ട് കിലോ കഞ്ചാവുമായി പാലാ സ്വദേശിയായ യുവാവ് പിടിയിലായിരുന്നു. ഇയാളെ ചോദ്യംചെയ്തതിൽനിന്നാണ് കഞ്ചാവിന്റെ മൊത്ത വിതരണക്കാരൻ അനൂപാണെന്ന് വ്യക്തമായത്. ഇതേ തുടർന്നാണ് പോലീസ് അനൂപിന്റെ വീട്ടിൽ റെയ്ഡ്‌ നടത്തിയത്. പോലീസെത്തുന്നതിനുമുമ്പ് അനൂപ് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞിരുന്നു. അബ്കാരി നിയമപ്രകാരവും ലൈസൻസില്ലാതെ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതിനും അനൂപിനെതിരേ കേസെടുത്തിരുന്നതായി തൊടുപുഴ സി.ഐ. വി.സി.വിഷ്ണുകുമാർ പറഞ്ഞു.