അടിമാലി : മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവരുടെ ഇടത്താവളമാണ് ആനച്ചാൽ ടൗൺ. എന്നാൽ, ഇവിടെ ആകെ വെള്ളക്കെട്ടും മാലിന്യവും. സഞ്ചാരികൾ മാത്രമല്ല നാട്ടുകാരും ബുദ്ധിമുട്ടുകയാണ്. ഏറ്റവും തിരക്കുള്ള സെൻട്രൽ ജങ്ഷനിലാണ് ഈ അവസ്ഥ.

അശാസ്ത്രീയമായി നടത്തിയ റോഡ് പുനരുദ്ധാരണമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു. കഴിഞ്ഞ ദിവസം ഇവിടെ റോഡ് ടാർ ചെയ്തിരുന്നു. എന്നാൽ, വശങ്ങളിൽ കോൺക്രീറ്റ് ചെയ്തില്ല. ഓടയുമില്ല. ഇപ്പോൾ മഴ പെയ്യുമ്പോൾ മുകളിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങി ഇവിടെ കെട്ടിക്കിടക്കുകയാണ്. കൂടാതെ വെള്ളത്തിനൊപ്പം ഒഴുകി വരുന്ന മാലിന്യങ്ങളും ഇവിടെ കുമിഞ്ഞു കൂടുകയാണ്. അത് ചീഞ്ഞുനാറി മൂക്കുപൊത്താതെ നടക്കാൻ പറ്റാത്ത അവസ്ഥ. ടൗണിലെ റോഡിന്റെ പ്രധാനഭാഗങ്ങളെങ്കിലും എത്രയും വേഗം കോൺക്രീറ്റ് ജോലികൾ ചെയ്ത്‌ വെള്ളക്കെട്ട് ഒഴിവാക്കണം.