മൂന്നാർ : ടൗണിലും പരിസരങ്ങളിലുമുള്ള അനധികൃത വാഹന പാർക്കിങ്ങിനെതിരേ കർശന നടപടികളുമായി പോലീസ്. ബുധനാഴ്ച മുതൽ പാതയോരങ്ങളിൽ അനധികൃതമായി പാർക്കുചെയ്താൽ പിഴയീടാക്കും. പിന്നെയും ഇത് തുടർന്നാൽ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് ഡിവൈ.എസ്.പി. കെ.ആർ.മനോജ് പറഞ്ഞു. മൂന്നാർ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനാണ് നടപടി.

വാഹനങ്ങൾ പർക്കുചെയ്യുന്നതിന് പാതയോരത്ത് സ്റ്റാൻഡുകൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ, അനുമതിയുള്ളതിലുംകൂടുതൽ വാഹനങ്ങളാണ് പല സ്റ്റാൻഡുകളിൽ പാർക്കുചെയ്യുന്നത്. റോഡിലേക്ക് കയറ്റിയും വാഹനങ്ങൾ നിർത്തിയിടുന്നു. ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങൾ ഇങ്ങനെ നിർത്തുന്നുണ്ട്. ഇതോടെയാണ് ഗതാഗതക്കുരുക്കുണ്ടാകുന്നത്.

ഇത് ശാശ്വതമായി പരിഹരിക്കുന്നതിനാണ് പോലീസ് പരിശോധന ശക്തമാക്കുന്നത്.

ആദ്യഘട്ടമായി ചൊവ്വാഴ്ച ഡിവൈ.എസ്.പി.യും സംഘവും, ടൗണിലും പരിസരങ്ങളിലും പരിശോധന നടത്തി. വിവിധ സ്റ്റാൻഡുകളിൽ അനധികൃതമായി പാർക്കുചെയ്തിരുന്ന വാഹനങ്ങളുടെ ഉടമകളെ താക്കീതുചെയ്തു.

ചില വ്യാപാരസ്ഥാപനങ്ങൾക്കു മുൻപിൽ മണിക്കൂറുകളോളം വാഹനങ്ങൾ പാർക്കുചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇവയ്ക്കെതിരേയും നടപടിയെടുക്കുമെന്ന്‌ ഡിവൈ.എസ്.പി. പറഞ്ഞു.

വലയുന്നത് വിനോദസഞ്ചാരികൾ

കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവുവന്നതിനാലും പൂജാ അവധി അടുത്തതുകൊണ്ടും മൂന്നാറിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തുകയാണ്.

ഇതോടെ നിരത്തിൽ വാഹനങ്ങളും കൂടി. പാതയോരങ്ങളിലെ അനധികൃത പാർക്കിങ് കാരണം ഇവരുടെ വാഹനങ്ങൾ കുടുങ്ങുകയാണ്. വിനോദസഞ്ചാരികളുടെ തിരക്കുണ്ടായ കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ മൂന്നാർ ടൗണിലും പരിസരങ്ങളിലും മണിക്കൂറുകളുടെ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഭക്ഷണംപോലും ലഭിക്കാതെ നിരവധി സഞ്ചാരികളാണ് ഗതാഗതകുരുക്കിൽപ്പെട്ടുകിടന്നത്.