കുഞ്ചിത്തണ്ണി : മേരിലാൻഡ് റോഡ് തകർന്ന് മാസങ്ങൾ പിന്നിട്ടിട്ടും നന്നാക്കാൻ നടപടിയില്ല. എല്ലക്കൽ മഠംകവല ഭാഗത്തുനിന്ന്‌ മേരിലാൻഡ് പള്ളിക്ക് സമീപമെത്തുന്ന രണ്ടുകിലോമീറ്റർ ദൂരത്തിലുള്ള റോഡാണ് തകർന്നുകിടക്കുന്നത്.

ഇത്രയും ദൂരം വീതികൂട്ടി സംരക്ഷണഭിത്തിയും കലുങ്കും നിർമിച്ച് ടാറിങ് നടത്തുന്നതിന് മൂന്നരക്കോടി രൂപ കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയിട്ടുള്ളതാണ്. വെള്ളത്തൂവൽ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ ഇതാണ് മുതുവാൻകുടിയെയും എല്ലക്കല്ലിനെയും തമ്മിൽ യോജിപ്പിക്കുന്നത്.

വട്ടപ്പതാൽ ഭാഗത്തും മേരിലാൻഡ് പള്ളിയുടെ സമീപത്തേക്കുള്ള കയറ്റത്തിലുമാണ് ടാറിങ് പൊളിഞ്ഞ് റോഡ് ഏറെ തകർന്നത്. 2018-ലെ പ്രളയസമയത്തും വട്ടപ്പതാൽ ഭാഗത്ത് വൻകുഴികൾ ഉണ്ടായിരുന്നു. ഇതിനുശേഷം ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് ഈ റോഡ് ടാറിങ് നടത്തിയിരുന്നു. എന്നാൽ ഈ ഭാഗത്തെ കുഴികൾ നികത്തി ഗതാഗതയോഗ്യമാക്കാൻ കരാറുകാർ തയ്യാറായില്ല.

നൂറുകണക്കിന് വീട്ടുകാർ കുഞ്ചിത്തണ്ണി, ആനച്ചാൽ, മുതുവാൻകുടി ഭാഗത്തേക്ക് പോകാൻ ഉപയോഗിക്കുന്ന റോഡാണിത്. കൂടാതെ വിനോദസഞ്ചാരികൾ, ട്രക്കിങ് വാഹനങ്ങൾ എന്നിവയൊക്കെ കടന്നുപോകുന്നത് ഈ റോഡിലൂടെയാണ്. ഈ റോഡിന്റെ ഇരുവശങ്ങളിലും മണലും ചെളിയും മഴവെള്ളത്തിനൊപ്പം അടിഞ്ഞുകിടക്കുകയാണ്. അടിയന്തരമായി ഈ റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.