കഞ്ഞിക്കുഴി : മാമച്ചൻകുന്നിലും മൈലപ്പുഴയിലും പട്ടയ നടപടി നിർത്തിവെയ്ക്കണമെന്ന വനംവകുപ്പിന്റെ കത്തിനെതിരേ നാട്ടുകാർ മന്ത്രി റോഷി അഗസ്റ്റിന് നേരിട്ട് നിവേദനം നൽകി. പ്രശ്നത്തിന് പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നൽകി. നഗരംപാറ ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

കഞ്ഞിക്കുഴി വില്ലേജിലാണ് ഈ സ്ഥലങ്ങൾ. ഇവിടങ്ങളിലെ 60 വർഷം പഴക്കമുള്ള കൃഷിയിടങ്ങളൊക്കെ വനഭൂമിയാണെന്നാണ് വനംവകുപ്പിന്റെ നിലപാട്. ഇതിനെതിരേ കർഷകർ റേഞ്ച് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തിയിരുന്നു.

കഴിഞ്ഞദിവസം നാട്ടുകാർ മന്ത്രിയെ നേരിട്ട് കാണുകയായിരുന്നു. പ്രശ്നപരിഹാരത്തിനായി ഉടൻതന്നെ കളക്ടർക്ക് നിർദേശം നൽകുമെന്നും വനം, റവന്യൂ വകുപ്പ് മന്ത്രിമാരുമായി ചർച്ച നടത്തുമെന്നും കർഷകരോട് പറഞ്ഞു. ജണ്ടയ്ക്ക് പുറത്തുള്ള മുഴുവൻ കൃഷിഭൂമിക്കും പട്ടയം നൽകുക എന്നുള്ളത് തന്നെയാണ് സർക്കാർ നയമെന്ന് മന്ത്രി പറഞ്ഞു.

സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറുകണക്കിന് കർഷകരാണ് കനത്ത മഴ അവഗണിച്ച് മന്ത്രിയെ കാണാൻ കഞ്ഞിക്കുഴിയിൽ കാത്തുനിന്നത്.

മന്ത്രിയുടെ ഉറപ്പ് തങ്ങൾക്ക് ആത്മവിശ്വാസം പകരുന്നുവെന്നും മേഖലയിലെ അവസാനത്തെ കർഷകന് പട്ടയം ലഭിക്കുന്നതുവരെ കഞ്ഞിക്കുഴി കർഷക സംരക്ഷണ സമിതി ഒറ്റക്കെട്ടായി പോരാടുമെന്നും സമിതി ചെയർമാൻ ബിജു പുരുഷോത്തമൻ, കോ-ഓർഡിനേറ്റർ ബിനു പുന്നയാർ എന്നിവർ പറഞ്ഞു.