ചെറുതോണി: മുളംചങ്ങാടത്തിൽ ഒരു ഉല്ലാസയാത്ര ആഗ്രഹിക്കാത്തവർ ആരുണ്ട്. അത് ഇടുക്കി ജലാശയത്തിലൂടെ ആയാൽ മറക്കാനാവാത്ത അനുഭവമാകും. കൊലുമ്പൻ കോളനിയിലെ ആദിവാസികളും വനംവകുപ്പും ചേർന്ന് അതിന് അവസരം ഒരുക്കുന്നു.
വിനോദ സഞ്ചാരികൾക്കായി മുളംചങ്ങാടം നിർമാണത്തിലാണ് ആദിവാസി യുവതലമുറ. ഇടുക്കി നഗരംപാറ സഹ്യസാനു ഇക്കോ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ മേൽനോട്ടത്തിലാണ് ഇവിടെ മുളംചങ്ങാട യാത്ര ആരംഭിക്കുന്നത്.
ചങ്ങാടത്തിന്റെ നിർമാണം വെള്ളപ്പാറയിൽ വനംവകുപ്പിന്റെ ബോട്ടുജെട്ടിക്ക് സമീപം ആരംഭിച്ചു.
കൊലുമ്പൻ കോളനിയിലെ പുതുതലമുറക്കാരാണ് ചങ്ങാടം നിർമിക്കുന്നത്. നിർദേശങ്ങൾ നൽകാൻ പഴയ തലമുറയിലെ കരിമ്പൻ രവി ആശാനും ഉണ്ട്. ആറുപേർക്ക് ഇരുന്ന് തുഴയാവുന്ന രണ്ട് ചങ്ങാടമാണ് ഇപ്പോൾ നിർമിക്കുന്നത്.
വനയാത്രയും പക്ഷി നിരീക്‌ഷണവും
ചങ്ങാടയാത്രയ്ക്കുശേഷം വനയാത്രയും പാക്കേജിൽപ്പെടും. വനസംരക്ഷണം, വിവിധ ഇനം ഔഷധസസ്യങ്ങൾ എന്നിവയെക്കുറിച്ചുളള വിവരങ്ങൾ സഞ്ചാരികൾക്ക് പകർന്നുനൽകും. വനത്തിനുള്ളിലെ നാനൂറിലധികം പക്ഷികളെക്കുറിച്ച് അറിവുള്ള വിദഗ്ധരുടെ സേവനവും ലഭ്യമാക്കി. പക്ഷി നിരീക്ഷണത്തിനുള്ള അവസരവുമുണ്ട്.
ആദിവാസികൾക്ക് ജീവിതമാർഗമാകും
ഇടുക്കി ജലാശയവും സമീപത്തെ വനവും ഉൾപ്പെടുത്തി ഇക്കോ ടൂറിസത്തിലൂടെ, കാടിനെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസികൾക്ക് ജീവിതമാർഗം ഉണ്ടാക്കാനും പദ്ധതി പ്രയോജനപ്പെടും. -വിനോദ്കുമാർ, ഇടുക്കി വൈൽഡ്‌ലൈഫ് റേഞ്ചർ.