തൊടുപുഴ : കർഷകസംഘടനകളുടെ ഭാരതബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൊഴിലാളി യൂണിയനുകൾ ആഹ്വാനംചെയ്ത ഹർത്താൽ ജില്ലയിൽ പൂർണം. അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല.

നിർബന്ധിച്ചുള്ള കടയടപ്പിക്കലോ വാഹനം തടയലോ ഉണ്ടായിരുന്നില്ല. കടകൾ അടഞ്ഞുകിടന്നു. രവിലെ മുതൽ ശക്തമായ മഴയായതിനാൽ നിരത്തിലിറങ്ങിയവരും കുറവായിരുന്നു.

കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസ് സർവീസുകളൊന്നും നടന്നില്ല. വൈകീട്ട് ആറിന് ശേഷം ചുരുക്കം ചില ദീർഘദൂര സർവീസുകൾ നടത്തി. സ്വകാര്യ വാഹനങ്ങളും അധികം നിരത്തിൽ ഇറങ്ങിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഓട്ടോറിക്ഷകളടക്കം കൂടുതലായി നിരത്തിലിറങ്ങി. സർക്കാർ ഓഫീസുകളിലും ഹാജർ കുറവായിരുന്നു. തമിഴ്നാട് അതിർത്തി മേഖലയിൽ തിരക്കും കുറവായിരുന്നു. തേക്കടി ടൂറിസം മേഖലയിൽ ബോട്ട് സർവീസ് നടത്തിയെങ്കിലും സഞ്ചാരികളുടെ എണ്ണം കുറവായിരുന്നു.

രാവിലെ തൊടുപുഴ നഗരത്തിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനം നടത്തി. തുടർന്ന് നടത്തിയ യോഗം എൽ.ഡി.എഫ്. തൊടുപുഴ നിയോജകമണ്ഡലം കൺവീനർ വി.വി. മത്തായി ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി. നേതാവ് കെ.സലിം കുമാർ അധ്യക്ഷനായി.

നേതാക്കളായ പി.പി.ജോയി, ടി.ആർ. സോമൻ, എൻ.ഐ. ബെന്നി, ജയകൃഷ്ണൻ പുതിയേടത്ത്, ബാബു മഞ്ഞള്ളൂർ, ടി.ജെ.പീറ്റർ, എൻ.വിനോദ് കുമാർ, കെ.എം. ബാബു, ഇ.എസ്.അലീൽ, ജോൺസൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.