വണ്ടിപ്പെരിയാർ : ചെറിയ മഴപെയ്താൽപോലും വണ്ടിപ്പെരിയാർ-മ്ലാമല റോഡ് തോടായി മാറും. അധികൃതരോട് പരാതിപറഞ്ഞുമടുത്ത് നാട്ടുകാർ. അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ മിക്ക സ്ഥലങ്ങളിലും റോഡിൽ വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. ദുരിതയാത്ര അവസാനിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് ഇടപെടണം.

വളരെനാളത്തെ നാട്ടുകാരുടെ പരിശ്രമഫലമായിട്ടാണ് വർഷങ്ങൾക്കുമുമ്പ് പി.എം.ജി.എസ്.വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി വണ്ടിപ്പെരിയാർ-മ്ലാമല-തേങ്ങാക്കൽ റോഡ് യാഥാർഥ്യമായത്. അഞ്ചുവർഷത്തെ വാറന്റി കാലാവധിയാണ് റോഡിന് അന്ന് പറഞ്ഞിരുന്നത്. കൂടാതെ, കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യുമെന്നറിയിച്ചാണ് ഉദ്ഘാടനംവരെ നടത്തിയത്.

എന്നാൽ, ഒന്നും പാലിക്കപ്പെട്ടില്ല. അറ്റകുറ്റപ്പണികൾ യഥാസമയം നടന്നില്ല. ഇതോടെ റോഡിന്റെ മിക്കഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടു.

മഴപെയ്തപ്പോൾ വെള്ളംകെട്ടി. വണ്ടിപ്പെരിയാർ ധർമശാസ്താക്ഷേത്രത്തിലേക്ക് പോകുന്നവർക്കും പ്രദേശവാസികൾക്കും ഇതുവഴി നടന്നുപോകാൻപോലും കഴിയാത്ത സ്ഥിതിയാണുള്ളത്. കൂടാതെ, നിരവധി വാഹനങ്ങളും ഇതുവഴി ഏറെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. അറ്റകുറ്റപ്പണികൾ ചെയ്യേണ്ട കാലാവധി കഴിഞ്ഞതോടെ റോഡ് റീ-ടാറിങ് ചെയ്യണമെങ്കിൽ പൊതുമരാമത്ത് ഏറ്റെടുത്തേ മതിയാകൂ. അടിയന്തരമായി ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് വണ്ടിപ്പെരിയാർ മ്ലാമല തേങ്ങാക്കൽ റോഡ് പൊതുമരാമത്ത് ഏറ്റെടുത്ത് അറ്റകുറ്റപ്പണികൾ നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.