ആനച്ചാൽ : ശല്യാംപാറയിൽനിന്നാരംഭിച്ച് ചെങ്കുളം മുതുവാൻകുടി മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിന്റെ ടാറിങ്‌ ജോലികൾ നടത്തണമെന്നാവശ്യം ശക്തമായി. 2018-ലെ പ്രളയത്തോടെയായിരുന്നു റോഡ് കൂടുതലായി തകർന്നത്. പിന്നീട് ടാറിങ് അടക്കമുള്ള നിർമാണ ജോലികൾ ഒന്നും നടക്കാതെ വന്നതോടെ പ്രദേശവാസികളുടെ യാത്ര കൂടുതൽ ദുഷ്‌കരമായി. ഓടയുടെ അഭാവത്താൽ മഴപെയ്താൽ വെള്ളം റോഡിലൂടെ നിരന്നൊഴുകുന്ന സാഹചര്യമുണ്ട്.

ടാറിങ് ഒലിച്ചുപോയ ഭാഗത്ത് ചെളി രൂപപ്പെടുന്നതോടെ വാഹനയാത്ര കൂടുതൽ ദുരിതമായി. ഓടതീർക്കുകയും റോഡിന്റെ ടാറിങ് ജോലികൾ നടത്തുകയും വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. റോഡ് ഗതാഗതയോഗ്യമായാൽ ഇടുക്കി ഭാഗത്തുനിന്ന് മൂന്നാറിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്കും എളുപ്പമാർഗമായി ഇതുവഴി കടന്നുപോകാനാകും.