ഏലപ്പാറ : നവംബർ ഒന്നിന് എത്തുന്ന കുട്ടികളെ സ്വീകരിക്കാൻ സജ്ജമാണ് ഏലപ്പാറ സർക്കാർ യു.പി.സ്കൂൾ. കുട്ടികൾക്ക് ഹൈടെക് സൗകര്യങ്ങളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. ഒന്നരവർഷംമുമ്പ് കോവിഡ് പിടിമുറുക്കിയതോടെ വീടുകൾ പഠനമുറികളാക്കിയ കുട്ടികൾ വീണ്ടും ക്ലാസ് മുറികളിലെത്തുകയാണ്. ആധുനിക ക്ലാസ് മുറികളും ശുചിമുറികളുമൊക്കെയാണ് ഇവിടെ കുട്ടികളെ കാത്തിരിക്കുന്നത്.

തോട്ടംമേഖലയിൽനിന്നുള്ള 436 കുട്ടികളാണിവിടെ പഠിക്കുന്നത്. സ്കൂൾ പരിസരത്ത് പച്ചക്കറി കൃഷിയുള്ളതും ഈ സ്കൂളിന്റെ പ്രത്യേകതയാണ്. കുട്ടികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. സ്കൂളും പരിസരവും വൃത്തിയാക്കുകയും മനോഹരമാക്കുകയും ചെയ്തു.