മറയൂർ : കാന്തല്ലൂർ റേഞ്ചിൽ വണ്ണാന്തുറൈ വനമേഖലയ്ക്കുസമീപം ആറുമാസം പ്രായമുള്ള കുട്ടിയാന ചെരിഞ്ഞു. പ്രദേശത്തേക്കുപോയ വനംവകുപ്പ് അധികൃതരെ കാവൽനിൽക്കുന്ന കാട്ടാനക്കൂട്ടം തുരത്തിയോടിച്ചു. ചൊവ്വാഴ്ച രാവിലെയാണ് വണ്ണാന്തുറൈ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ സ്റ്റേഷന് സമീപത്തായി വനത്തിനുള്ളിൽ കുട്ടിയാനയുടെ ജഡം കണ്ടെത്തിയത്. രണ്ടുദിവസമായി കാട്ടാനക്കൂട്ടം സ്റ്റേഷൻ പരിസരത്ത് നിലയുറപ്പിച്ചിരിക്കുകയായിരുന്നു.

ബുധനാഴ്ച രാവിലെവരെ കാത്തുനിൽക്കാനാണ് തീരുമാനമെന്ന് കാന്തല്ലൂർ റേഞ്ച് ഓഫീസർ ആർ.അധീഷ് പറഞ്ഞു. പോസ്റ്റുമോർട്ടം നടത്തിയാലേ മരണകാരണം കണ്ടെത്താനാകൂ. വണ്ണാന്തുറൈ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ ചാർജ് വഹിക്കുന്ന ഷിജു കെ., ബിജോയ് ഡി., അഖിൽദാസ് എസ്., രാജേഷ് കുമാർ വി.കെ., അൻവർ എ.എം. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പുചെയ്യുന്നുണ്ട്.

മറയൂർ : ഒറ്റയാന്റെ മുൻപിൽപ്പെട്ട കാഴ്ചവൈകല്യമുള്ള വയോധികയെ കൊച്ചുമക്കൾ സാഹസികമായി രക്ഷപ്പെടുത്തി. ഒറ്റയാന്റെ മുൻപിൽപ്പെട്ട മറയൂർ ഇന്ദിരാനഗർ ഗോത്രവർഗ പുനരധിവാസകോളനിയിലെ ചടച്ചിമാരി (75)ക്കാണ് പുനർജന്മം ലഭിച്ചത്. തിങ്കളാഴ്ച രാത്രി 10-ന്‌ ബഹളംകേട്ടാണ് ചടച്ചിമാരി വീടിന് പുറത്തിറങ്ങിയത്. ഇതേസമയം, പുറത്തുനിന്ന ഒറ്റയാനെ ഇവർക്ക് കാണാനായില്ല. തുടർന്ന്, ചടച്ചിമാരിക്കുനേരേ ഒറ്റയാൻ ഓടിയടുത്തതും ചെറുമക്കൾ ഇവരെ വലിച്ച് വീടിനകത്തേക്കിടുകയും ചെയ്‌തു. ഇതോടെ ദേഷ്യംപിടിച്ച ഒറ്റയാൻ സമീപത്തുണ്ടായിരുന്ന മാവിൽ രണ്ടുതവണ കുത്തിയശേഷം വീടിന് സമീപത്തുനിന്ന രണ്ട്‌ വലിയ തെങ്ങുകൾ പിഴുതിട്ട് നശിപ്പിച്ചു. പുലർച്ചെ മൂന്നുമണിവരെ ഒന്നരക്കൊമ്പൻ എന്നു വിളിക്കുന്ന ഒറ്റയാൻ വീണുകിടന്ന രണ്ടുതെങ്ങുകളിൽനിന്ന്‌ മടലുകൾ തിന്നശേഷം സമീപമുള്ള വനത്തിലേക്കുപോയി. സംഭവം പുറത്തറിഞ്ഞതോടെ ചടച്ചിയുടെ ചെറുമക്കളായ ഹരീഷ് (19), കൗശിക (15), പ്രഭാകരൻ (15), ബിബിൻ (18) എന്നിവർ നാട്ടിൽ താരമായി. ഒന്നരക്കൊമ്പൻ എന്ന ഒറ്റയാൻ ഇതുവരെ മൂന്ന് ഗ്രാമവാസികളെയാണ് കൊന്നിട്ടുള്ളത്.