തൊടുപുഴ : ഏലംകർഷകരുടെ പ്രശ്നനങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി പീയൂഷ് ഗോയലിനെ നേരിട്ടുകണ്ട് ഡീൻ കുര്യാക്കോസ് എം.പി. ചർച്ചനടത്തി.

സമീപകാല ചരിത്രത്തിൽ ഒരിക്കലും ഇത്രയും വിലക്കുറവ് ഉണ്ടായിട്ടില്ല. കർഷകരുടെ പ്രതിസന്ധി പരിഹരിക്കുന്നത് 3000 രൂപയെങ്കിലും താങ്ങുവില പ്രഖ്യാപിക്കണമന്നും പ്രത്യക പാക്കേജ് അനുവദിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.

ബോഡിനായ്‌ക്കനൂരിലെ ലേലത്തിൽ 50 പേർ പങ്കെടുക്കുമ്പോൾ പുറ്റടിയിൽ 25 പേർക്കുമാത്രമാണ് അവസരം. ഇത്തരത്തിൽ വ്യത്യാസമില്ലാതെ ഒരേരീതിയിൽ ലേലം നടക്കുന്നുവെന്ന് ഉറപ്പാക്കണം.

വിദേശരാജ്യങ്ങളിൽ എം.ആർ.എൽ. ടെസ്റ്റ് നടത്തി ഏലത്തിന് വിലയിടിക്കുന്ന സാഹചര്യമുണ്ട്. ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ക്വാളിറ്റി ഇവാല്യൂവേഷൻ ലാബ് ഇടുക്കിയിൽ സ്ഥാപിക്കണം.

വളം, കീടനാശിനി, കാർഷിക ഉപകരണങ്ങളുടെ ന്യായമായ നിരക്ക് എന്നിവയും ഉറപ്പാക്കണം. വിള ഇൻഷുറൻസ് കാര്യക്ഷമമാക്കണം. സ്പൈസസ് ബോർഡ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുനഃസംഘടിപ്പിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.

അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ഡീൻ കുര്യാക്കോസ് അറിയിച്ചു.