തൊടുപുഴ : ആളില്ലാതിരുന്ന സമയത്ത് വീട്‌ കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും കവർന്നു. കോൺഗ്രസ് കുമാരമംഗലം മണ്ഡലം പ്രസിഡന്റ് നരിക്കുഴിയിൽ അഡ്വ.സെബാസ്റ്റ്യൻ മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 10000 രൂപയും ഏഴു പവൻ സ്വർണവും നഷ്ടപ്പെട്ടു. വീട്ടിൽനിന്നു ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോഷണം നടത്തിയെന്നു സംശയിക്കുന്ന വണ്ണപ്പുറം സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യുകയാണ്.

ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. സെബാസ്റ്റ്യൻ മാത്യുവിന്റെ ഭാര്യ വിദേശത്താണ്. മകളെ ഭാര്യവീട്ടിൽ ആക്കിയതിനുശേഷം അദ്ദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുഹൃത്തിനെ കൂട്ടാൻപോയിരുന്നു. രാത്രി പത്തരയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുൻവാതിൽ തുറന്നുകിടക്കുന്നതുകണ്ടത്. കമ്പിപ്പാര ഉപയോഗിച്ചാണ് വാതിൽ കുത്തിപ്പൊളിച്ചത്.

വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് പണവും സ്വർണവും നഷ്ടപ്പെട്ടതായി കണ്ടത്. മകളുടെ ബാഗിലുണ്ടായിരുന്ന രൂപയും നഷ്ടപ്പെട്ടു. എല്ലാ മുറികളിലും അലമാരയും മറ്റും വാരിവലിച്ചിട്ടനിലയിലായിരുന്നു. വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച മോഷ്ടാവ് സി.സി.ടി.വിയുടെ മോണിറ്ററും എടുത്തുകൊണ്ടുപോയി.

വിവരമറിഞ്ഞ് രാത്രി തന്നെ സി.ഐ. വി.സി.വിഷ്ണുകുമാർ, എസ്‌.ഐ. ബൈജു പി.ബാബു എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം എത്തി പരിശോധന നടത്തി. ഇടുക്കിയിൽനിന്നു വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവ്‌ ശേഖരിച്ചു.