മറയൂർ : ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ ചന്ദന മരങ്ങൾക്കും ജിയോടാഗ് സംവിധാനം കൊണ്ടുവരുന്നു. തൃശ്ശൂർ കേരള ഫോറസ്ട്രി കോളേജിലെ വിദ്യാർഥികളുടെ സഹായത്തോടെയാണ് ചിന്നാർ വന്യജീവി സങ്കേതം അസി.വാർഡൻ നിതിൻലാലിന്റെ നേതൃത്വത്തിൽ ചന്ദന മരങ്ങളുടെ കണക്കെടുപ്പ് നടത്തുന്നത്. മരം നില്ക്കുന്ന സ്ഥലത്തിന്റെ അക്ഷാംശം, രേഖാംശം, വണ്ണം, ഉയരം തുടങ്ങിയവ രേഖപ്പെടുത്തുന്ന സംവിധാനമാണ് ജിയോടാഗ് സംവിധാനം.

വീണുകിടക്കുന്ന മരങ്ങൾ അടിയന്തരമായി ശേഖരിക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നതായി മൂന്നാർ വാർഡൻ എസ്.വി. വിനോദ് പറഞ്ഞു. ബുധനാഴ്ച നടക്കുന്ന പരിശീലനത്തിനുശേഷം വിദ്യാർഥികളുടെ നേതൃത്വത്തിൽ സർവവേ ആരംഭിക്കുമെന്ന് നിതിൻ ലാൽ പറഞ്ഞു.

ഉണങ്ങി നില്ക്കുന്നതും കാറ്റത്തും മഴയത്തും വീണതും വന്യജീവികൾ മറിച്ചിട്ടതുമായ 2500 ലധികം ചന്ദന മരങ്ങളാണ് ചിന്നാർ വന്യജീവി സങ്കേതത്തിലുള്ളത്. 50 കോടിയിലധികം രൂപയുടെ വിലയുള്ള ചന്ദനമരങ്ങളാണ് നശിക്കുന്നത്. ഇവ ശേഖരിക്കുന്നതിന് പ്രത്യേക നിർദേശം ലഭിക്കണം. ഇതിനായാണ് ജിയോടാഗ് സംവിധാനം കൊണ്ടുവരുന്നത്.