ഉപ്പുതറ : സഞ്ചാരികൾക്കും പ്രദേശവാസികൾക്കും കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് ചീന്തലാറിലെ വെള്ളച്ചാട്ടം. ചീന്തലാർ ഫാക്ടറിക്കുസമീപം ഒടിച്ചുകുത്തി വളവിലാണ് ആകർഷകമായ വെള്ളച്ചാട്ടം.

ഉപ്പുതറ വഴി വാഗമൺ മൊട്ടക്കുന്നിലേക്ക് പോകുന്ന റോഡരികിലാണ് മലമുകളിൽനിന്ന് കുതിച്ചൊഴുകുന്ന മനോഹരദൃശ്യമുള്ളത്. വേനലിൽ വറ്റുമെങ്കിലും വർഷകാലം തുടങ്ങുമ്പോഴേ അരുവിയും വെള്ളച്ചാട്ടവും സജീവമാകും. ഇതിപ്പോൾ സഞ്ചാരികളുടെ ഇഷ്ട ഇടമാണ്. വാഹനങ്ങൾക്ക് പാർക്കുചെയ്യാനുള്ള വിശാലമായ സൗകര്യമുള്ളതിനാൽ സഞ്ചാരികൾ ഇവിടെയിരുന്ന് ഭക്ഷണം കഴിച്ചാണ് പലരും മടങ്ങുന്നത്. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയാൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയും.