മറയൂർ : പതിറ്റാണ്ടുകളായി തരിശായിക്കിടന്ന മറയൂർ മൃഗാശുപത്രി വളപ്പിലെ രണ്ട് ഏക്കർ സ്ഥലം ഇന്ന് സമ്മിശ്ര കൃഷിയുടെ വിളനിലമാണ്. ഈ കൃഷിക്ക്‌ പിന്നിൽ ഒരു എഴുപത്തിയഞ്ചുകാരിയുടെ പരിശ്രമമാണ്. ബാബുനഗർ ജങ്ഷനിൽ പെട്ടിക്കട നടത്തുന്ന കണ്ണമ്മ‌യാണ് രണ്ടേക്കർ സ്ഥലത്ത് കൃഷിയിറക്കിയത്.

കണ്ണമ്മ അംഗമായ അപർണ കുടുംബശ്രീ അംഗങ്ങളുമായി ആലോചിച്ച് മൃഗാശുപത്രി, പഞ്ചായത്ത് അധികൃതർക്ക് അപേക്ഷ നല്കി. അധികൃതർ പ്രത്യേക താത്പര്യപ്രകാരം സ്ഥലം കുടുംബശ്രീക്ക്‌ കൃഷിക്കായി വിട്ടുനല്കി. ആരോടും വായ്പ വാങ്ങാതെ കണ്ണമ്മയുടെ നേതൃത്വത്തിൽ കാടുവെട്ടിത്തെളിച്ച്, നിലമൊരുക്കി, കൃഷിയിറക്കി. ഇന്ന് ഈ രണ്ട് ഏക്കറിൽ ഇല്ലാത്തതൊന്നുമില്ല. കണ്ണമ്മ പുലർച്ചെ മുതൽ സന്ധ്യയാകുന്നതുവരെ കൃഷിയിടത്തിൽ നിലയുറപ്പിച്ച് വിളകൾ പരിപാലിച്ചു വരുന്നു.

ചോളം, ബീറ്റ്റൂട്ട്, പട്ടാണി, ഉരുളക്കിഴങ്ങ്, കൂർക്ക, കാരറ്റ്, ചേന, കത്രിക്ക, പച്ചമുളക്, അവിര, പാവയ്ക്ക, മധുരക്കിഴങ്ങ്, കപ്പ, തീറ്റപ്പുല്ല്, മുരിങ്ങ ബീൻസ്, ബട്ടർ ബീൻസ്, തട്ട പയർ, അച്ചിങ്ങ, തക്കാളി തുടങ്ങിയവയാണ് കണ്ണമ്മയുടെ വിളകൾ. കണ്ണമ്മയോടൊപ്പം കുടുംബശ്രീയിലെ ബന്ധുക്കളായ ആറു സ്ത്രീകളും സഹായിച്ചു വരുന്നു. കാട്ടാന അടക്കമുള്ള വന്യജീവികളുടെ ശല്യമാണ് ഇപ്പോൾ പ്രധാനപ്രശ്നം.