നെടുങ്കണ്ടം : ഫോണിലൂടെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ അസഭ്യം പറയുകയും സംഭാഷണം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുംചെയ്ത സംഭവത്തിൽ ഡി.സി.സി. അന്വേഷണം തുടങ്ങി. അസഭ്യം പറഞ്ഞ കോൺഗ്രസ് പ്രവർത്തകനെ മണ്ഡലം കമ്മിറ്റിയുടെ ശുപാർശപ്രകാരം പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. ഈ നടപടിയിൽ പുതിയ ഡി.സി.സി. പ്രസിഡന്റിന് പുറത്താക്കപ്പെട്ടയാൾ നൽകിയ അപ്പീലിലാണ് അന്വേഷണം.

ഡി.സി.സി. ജനറൽ സെക്രട്ടറി സേനാപതി വേണു, കെ.പി.സി.സി. എക്‌സിക്യുട്ടീവ് അംഗം ആർ.ബാലൻപിള്ള എന്നിവരാണ് അന്വേഷണം നടത്തുന്നത്. രണ്ട് മാസം മുൻപാണ് കോൺഗ്രസ് പാമ്പാടുംപാറ മണ്ഡലം പ്രസിഡന്റും കോൺഗ്രസ് പ്രവർത്തകനും തമ്മിൽ ഫോണിലൂടെ വാക്കേറ്റവും അസഭ്യവർഷവും ഉണ്ടായത്.

മണ്ഡലം പ്രസിഡന്റ് കോൺഗ്രസ്‌ ഭരണത്തിലുള്ള ബാങ്കിന്റെ പ്രസിഡന്റും പുറത്താക്കപ്പെട്ട പ്രവർത്തകൻ ബാങ്കിന്റെ വൈസ് പ്രസിഡന്റുമായിരുന്നു. മണ്ഡലം പ്രസിഡന്റിന്റെ പരാതിയെത്തുടർന്ന് ആറ് വർഷത്തേക്കാണ് പ്രവർത്തകനെ പുറത്താക്കിയത്.

ബാങ്കിലെ ക്രമക്കേടുകളടക്കമുള്ള ആരോപണങ്ങൾ കമ്മിഷന്റെ പരിഗണനയിലുണ്ട്.