വണ്ടിപ്പെരിയാർ : പ്രാരാബ്ധങ്ങൾക്ക് നടുവിൽനിന്നും ഹെലീന നേടിയെടുത്തത് ഏറെ തിളക്കമുള്ള വിജയമാണ്. ലോവർ പ്രൈമറി സ്കൂൾ ടീച്ചർ (തമിഴ്) റാങ്ക് ലിസ്റ്റിൽ രണ്ടാംസ്ഥാനം നേടിയാണ് വീട്ടമ്മയായ ഹെലീന നാടിന്റെ അഭിമാനമായി മാറിയത്. വണ്ടിപ്പെരിയാർ ഡൈമൂക്ക് തോട്ടം ലൈൻസിൽ വാടകയ്ക്ക് താമസിക്കുന്ന ഹെലീന തന്റെ കുടുംബം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സെയിൽസ് ഗേൾ ജോലിയിൽ പ്രവേശിക്കാൻ ഇരിക്കെയാണ് തമിഴ് അധ്യാപക പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പുറത്ത് വരുന്നത്.
കോവിഡ് പ്രതിസന്ധി മൂലം ഭർത്താവ് ജെയിംസിന്റെ ടാക്സി ഡ്രൈവർ ജോലി നഷ്ടമായി. ഇതിനിടെയാണ് തമിഴ് എൽ.പി സ്കൂൾ ടീച്ചറിനെ തിരഞ്ഞെടുക്കാൻ വേണ്ടിയുള്ള പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറായത്. പരീക്ഷ സമയത്ത് ഭർതൃമാതാവിനെ ആരോഗ്യ കാരണങ്ങളാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും തിരിച്ചടിയായി. ഏഴിലും ഒൻപതിലും പഠിക്കുന്ന രണ്ടു കുട്ടികളുടെ കാര്യങ്ങളും വീട്ടിലെ ജോലികളും പൂർത്തിയാക്കിയ ശേഷമുള്ള ചെറിയ സമയമാണ് പഠനത്തിനായി ലഭിച്ചത്.
റാങ്ക് ലിസ്റ്റിൽ രണ്ടാംറാങ്ക് നേടാൻ കഴിഞ്ഞതിലും കുടുംബത്തിനു താങ്ങായി മാറാൻ കഴിഞ്ഞതിലുമുള്ള സന്തോഷത്തിലാണ് ഹെലിന.