തൊടുപുഴ : തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനേറ്റ് തോൽവി ഇടുക്കി ജില്ലാ നേതൃത്വത്തിന്റെ വീഴ്ചകൊണ്ട് മാത്രമാണെന്ന് കെ.പി.സി.സി. അംഗം സി.പി.മാത്യു. മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ തന്നെ അറസ്റ്റ് ചെയ്ത് നീക്കിയ സംഭവം വിശദീകരിക്കാൻ നടത്തിയ പത്രസമ്മേളനത്തിനിടെയാണ് ജില്ലയിലെ തോൽവിയെക്കുറിച്ച് തുറന്നടിച്ചത്. നാല് കാരണങ്ങൾ ചൂണ്ടികാട്ടിയാണ് പാർട്ടിയുടെ തോൽവിവന്ന വഴിയെ അദ്ദേഹം വിവരിച്ചത്.
ഒന്ന് ഒരു ഘടകകക്ഷിയുടെ കടുംപിടുത്തം. മറ്റൊന്ന് ജോസ് കെ.മാണി മുന്നണിവിട്ട് പോയത്. വിജയസാധ്യതയുള്ള സ്ഥാനാർഥികളെ നിർത്താതെ ഗ്രൂപ്പിന്റെ അടിസ്ഥാനത്തിൽ വീതംെവയ്പ് നടത്തിയതാണ് മറ്റൊരുകാരണം. പുനഃസംഘടന നടത്താത്തതുമൂലം അർഹരായ ആളുകൾക്ക് സ്ഥാനമാനങ്ങൾ കിട്ടാതായതോടെ ഇവർ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽനിന്ന് മാറിനിന്നതും തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.