നെടുങ്കണ്ടം : കുമളി-മൂന്നാർ സംസ്ഥാന പാതയിൽ ചേമ്പളത്തിനും വട്ടപ്പാറയ്ക്കും ഇടയിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്തേക്ക് സാമൂഹികവിരുദ്ധർ പ്ലാസ്റ്റിക് കവറുകളിലാക്കി കോഴിമാലിന്യം തള്ളി. അഞ്ചോളം പ്ലാസ്റ്റിക് കവറുകളിലാണ് മാലിന്യം കൊണ്ടിട്ടത്.

കഴിഞ്ഞ ദിവസങ്ങളിലെ മഴയെത്തുടർന്ന് മാലിന്യം പൊട്ടിയൊഴുകി പ്രദേശമാകെ ദുർഗന്ധം പരന്നിരിക്കുകയാണ്. ദുർഗന്ധം ശ്വസിച്ചതിനെത്തുടർന്ന് പണിക്കെത്തിയ സ്ത്രീ തൊഴിലാളിക്ക് ദേഹാസ്വാസ്ഥ്യവും ഛർദ്ദിയുമുണ്ടായി. ഇവരെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

പ്ലാസ്റ്റിക് കവറുകൾ പൊട്ടിയതിനെത്തുടർന്ന് മാലിന്യങ്ങളിൽനിന്ന് ഈച്ചയും പുഴുക്കളും പ്രദേശമാകെ വ്യാപിച്ചു. ഒരുകിലോമീറ്ററോളം ദൂരത്തിൽ ദുർഗന്ധം വമിക്കുകയാണ്. ചേമ്പളം സെന്റ് മേരീസ് പള്ളിക്ക് സമീപമുള്ള പുരയിടത്തിലാണ് മാലിന്യം തള്ളിയിരിക്കുന്നത്. വിനോദസഞ്ചാരികളുടേതടക്കം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. സമീപത്തുതന്നെ ഒരു എൽ.പി.സ്‌കൂളുമുണ്ട്.

സമീപത്തായി രണ്ട് ജലസേചന കുളങ്ങളുമുണ്ട്. മഴ ശക്തമായാൽ ഇവ ഒലിച്ച് കുളങ്ങളിലേക്കെത്തി കുടിവെള്ളം മലിനമാകുകയും ചെയ്യും. ഇവിടെ മാലിന്യം തള്ളിയവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. വർഷങ്ങൾക്കുമുമ്പ് ചേമ്പളം ടൗണിലും ചേമ്പളം സെന്റ് മേരീസ് എൽ.പി. സ്‌കൂളിന്റെ സ്ഥലത്തും കക്കൂസ് മാലിന്യം തള്ളിയിരുന്നു.