തൊടുപുഴ : ഇടതുഭരണത്തിൻ കീഴിൽ സ്ത്രീകളുടെ സുരക്ഷിതത്വം ഇല്ലാതായിരിക്കുകയാണെന്നും പോലീസിനെ സി.പി.എമ്മിന്റെ ചട്ടുകമാക്കി മാറ്റുകയാണെന്നും വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാട്. സ്‌ത്രീകൾക്ക് സുരക്ഷയൊരുക്കേണ്ട പോലീസ്, അക്രമികൾക്ക് സംരക്ഷണമൊരുക്കുകയാണ്. നീതി ലഭിക്കുംവരെ സമരം തുടരുമെന്നും അവർ പറഞ്ഞു.

ഇടവെട്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദിനെയും വനിതാ മെമ്പർമാർ അടക്കമുള്ള ഭരണസമിതിയംഗങ്ങളെയും പഞ്ചായത്ത് കൗൺസിൽ ഹാളിൽ കയറി അക്രമിച്ച സി.പി.എം. നടപടിക്കെതിരേ വനിതാ ലീഗ് ജില്ലാ കമ്മിറ്റി മങ്ങാട്ടുകവലയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുഹ്‌റ മമ്പാട്.

വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് ഷാനിത അലിയാർ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരൻ, വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. സാജിത സിദ്ദീഖ്, സംസ്ഥാന സെക്രട്ടേറിയറ്റംഗം ജുബൈരിയ ഷുക്കൂർ, നിയോജകമണ്ഡലം പ്രസിഡന്റ് ഷീജ നൗഷാദ്, കുമാരമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷെമീന നാസർ സംസാരിച്ചു. മുസ്‌ലിം ലീഗ് നേതാക്കളായ ടി.എം.സലിം, കെ.എം.എ. ഷുക്കൂർ, എം.എസ്. മുഹമ്മദ്, പി.എം. അബ്ബാസ്, കെ.എസ്. സിയാദ്, ടി.എസ്. ഷംസുദീൻ എന്നിവർ അഭിവാദ്യമർപ്പിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി ഷഹന ജാഫർ സ്വാഗതവും ട്രഷറർ ബീമ അനസ് നന്ദിയും പറഞ്ഞു.