തൊടുപുഴ : വിവിധ മേഖലകളിലെ വിദ്യാർഥികളെ സഹായിക്കാൻ ഡീൻ കുര്യാക്കോസ് എം.പി.യുടെ നേതൃത്വത്തിലുള്ള ഇടുക്കി കെയർ ഫൗണ്ടേഷന്റെ ‘റൈസ്’ പദ്ധതി തുടങ്ങി. സമഗ്രവിദ്യാഭ്യാസ പരിപോഷണ പദ്ധതിയുടെ ആദ്യഘട്ടമായി പരീക്ഷകളിൽ മികവുതെളിയിച്ച കുട്ടികളെ അനുമോദിച്ചു. കട്ടപ്പന നഗരസഭ, കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ, കാമാക്ഷി തുടങ്ങിയ പഞ്ചായത്തുകളിലെ വിദ്യാർഥികളെയാണ് അനുമോദിച്ചത്. പദ്ധതിയുടെ ഭാഗമായി സിവിൽ സർവീസ് ഉൾപ്പെടെ വിവിധ മത്സര പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിന് ഡൽഹി എ.എൽ.എസും സ്പാർക്ക് കേരളയും ചേർന്ന് എട്ടാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർഥികൾക്ക് സൗജന്യമായി പരിശീലനം നൽകും. രജിസ്ട്രേഷൻ ഡിസംബർ ഒന്നുമുതൽ ഓൺലൈനായി ആരംഭിക്കുമെന്നും എം.പി. അറിയിച്ചു.