കുമളി : ഒട്ടകത്തലമേട് ലക്ഷങ്ങൾ മുടക്കി നിർമാണം പുരോഗമിക്കുന്ന ഐറിഷ് ഓടയുടെ നിർമാണത്തിൽ വ്യാപക ക്രമക്കേട്. സർക്കാർ നിശ്ചയിട്ടുള്ള അളവുകൾ കാറ്റിൽപ്പറത്തി കരാറുകാരൻ സ്വന്തം ഇഷ്ടത്തിനനുസരിച്ച്‌ നിർമിക്കുന്നുവെന്ന് ആരോപണം.

അഞ്ച് ഇഞ്ച് കനത്തിൽ നിർമിക്കേണ്ട ഓടയുടെ മിക്ക ഭാഗങ്ങളിലും കനം മൂന്നിഞ്ചിൽ താഴെ മാത്രമാണ്. ഉദ്യോഗസ്ഥർ കരാറുകാരന്റെ ക്രമക്കേടിന് കൂട്ടുനിൽക്കുന്നതായി നാട്ടുകാർ ആരോപിച്ചു.

കുമളി-ചക്കുപള്ളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഒട്ടകത്തലമേട് പ്രദേശത്തെ നാട്ടുകാർ നിരന്തരം ആവശ്യം ഉന്നയിച്ചതിനാലാണ് വെള്ളമൊഴുക്ക് നിയന്ത്രിക്കാനായി ഐറിഷ് ഓടയും റോഡ് പൊട്ടിപ്പൊളിഞ്ഞ ഭാഗത്ത് അറ്റകുറ്റപ്പണികൾ നടത്താൻ തുകയും അനുവദിക്കാൻ ജില്ലാ പഞ്ചായത്ത് തയ്യാറായത്. ഇതിന്റെ അടിസ്ഥാനത്തിൽ മെയിന്റനൻസ് ഗ്രാന്റിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. 500 മീറ്റർ ഐറിഷ് ഓടയ്ക്കും 800 മീറ്റർ റോഡ് അറ്റകുറ്റപ്പണിക്കുമായിരുന്നു തുക.

16 ലക്ഷം രൂപയ്ക്ക് ടെൻഡർ എടുത്ത കഞ്ഞിക്കുഴി സ്വദേശി കഴിഞ്ഞയാഴ്ചയാണ് ഇവിടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മഴ മാറിയശേഷം നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചാൽ മതിയെന്ന നാട്ടുകാരുടെ അപേക്ഷ തള്ളിക്കൊണ്ടാണ് ഇയാൾ കനത്ത മഴയിൽ ഐറിഷ് ഓട നിർമാണം തുടങ്ങിയത്. ഒട്ടകത്തലമേട് വ്യൂപോയിന്റിലേക്കുള്ള തുടക്കഭാഗത്ത് അഞ്ച് ഇഞ്ച് കനത്തിൽ തുടങ്ങിയ ഐറിഷ് ഓട താഴേക്ക് പോകുംതോറും കനംകുറഞ്ഞുവരുകയായിരുന്നു.

പച്ചമണ്ണിന്റെ പുറത്ത് സിമന്റ് വെറുതെ ഒഴിച്ചായിരുന്നു പകുതി നിർമാണവും. കൂടാതെ കുത്തിവെള്ളമൊലിച്ചെത്തുന്ന ഭാഗത്ത്, വീണുകിടക്കുന്ന പോസ്റ്റിനും പാറയ്ക്കും മുകളിലുടെ സിമന്റ് ഒരിഞ്ച് കനത്തിൽ പൂശി വാർത്തിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നാട്ടുകാർ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പരാതി നൽകി. ഒരു നടപടിയുണ്ടായില്ല. സിമന്റ് പച്ചമണ്ണ് കൂട്ടി മിക്‌സ് ചെയ്താണ് വാർക്കുന്നതിനുള്ള കൂട്ട് തയ്യാറാക്കിയതെന്നും നാട്ടുകാർ പറഞ്ഞു.

ഇതിനിടയിൽ ചൊവ്വാഴ്ചയുണ്ടായ ശക്തമായ മഴയിൽ ഐറിഷ് ഓടയുടെ വിവിധ ഭാഗങ്ങൾ ഒലിച്ചുപോയി. ഇതിനിടയിൽ നിർമാണ പ്രവർത്തനം പൂർത്തിയാക്കിയെന്ന് പറഞ്ഞ് കരാറുകാരൻ ഐറിഷ് ഓട നിർമാണത്തിനിറക്കിയ മെറ്റൽ, സിമന്റ് തുടങ്ങിയവ മൂങ്കലാറിലെ മറ്റൊരു പണിസ്ഥലത്തേക്ക് മാറ്റാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. ഉദ്യോഗസ്ഥർ നടപടിയെടുക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.