മൂന്നാർ : റവന്യൂഭൂമി വിട്ടുകിട്ടാത്തതിനാൽ പഞ്ചായത്തിലെ ലൈഫ് പദ്ധതി അവതാളത്തിൽ. തടസ്സം നീക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാർക്ക് നിവേദനം നൽകി.

ലൈഫ് മിഷൻ പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് വീടുവച്ചുനൽകുന്നതിനുള്ള ഭൂമി റവന്യൂവകുപ്പ് വിട്ടുനൽകാത്തതുമൂലം പഞ്ചായത്തിൽ 7000-ലധികം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.

പദ്ധതി നടപ്പാക്കുന്നതിന് ഭൂമി വിട്ടുനൽകുക, അല്ലാത്തപക്ഷം അനുവദിക്കുന്ന പണം ഉപയോഗിച്ച് ഭൂമി ലഭ്യമായ അയൽപഞ്ചായത്തുകളിൽ ഭൂമി വാങ്ങി വീടു നിർമിച്ചുനൽകുന്നതിന് അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് എം.മണിമൊഴി, വൈസ് പ്രസിഡന്റ് മാർഷ് പീറ്റർ, വിവിധ പഞ്ചായത്തംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി വി.ആർ.അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ, റവന്യൂ മന്ത്രി കെ. രാജൻ എന്നിവർക്ക് സെക്രട്ടേറിയറ്റിലെത്തി നിവേദനം സമർപ്പിച്ചത്.