തൊടുപുഴ: 2015-ൽ താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തുമ്പോൾ പ്രതീക്ഷകൾ വാനോളമായിരുന്നു. പ്രത്യേക ചികിത്സാ വിഭാഗങ്ങൾ, മികച്ച ഡോക്ടർമാർ, മെച്ചപ്പെട്ട ചികിത്സാ സൗകര്യം, കൂടുതൽ പേരെ കിടത്തി ചികിത്സിക്കാൻ കിടക്ക. അങ്ങനെ തൊടുപുഴക്കാർ സ്വപ്‌നം കണ്ടുറങ്ങി. എന്നാൽ, സ്വപ്‌നത്തിൽ നിന്നുണർന്ന അവരെത്തിയത് സർക്കാർ സംവിധാനങ്ങളുടെ മെല്ലെപ്പോക്കെന്ന സ്ഥിരം യാഥാർഥ്യത്തിലേക്കാണ്. കഴിഞ്ഞ ആറുവർഷവും പ്രഖ്യാപനങ്ങളായിത്തന്നെ അവശേഷിച്ചു. പുതുതായി വിവിധ വിഭാഗങ്ങളിൽ ചികിത്സയ്ക്കായി നിയമിച്ചുവെന്ന് പറയുന്ന ഡോക്ടർമാരെ മൊത്തത്തിൽ ആരും ഇതുവരെ കണ്ടിട്ടില്ല.

ആയിരം രോഗികൾക്ക് അര ഡോക്ടർമാർ പോലും ഇല്ലാത്ത അവസ്ഥ. മറ്റ് വിഭാഗങ്ങളുടെ പ്രവർത്തനവും ജീവനക്കാരില്ലാത്തതിനാൽ അവതാളത്തിലാണ്.

എങ്കയോ വിട്ടത് അങ്കേ താ...

താലൂക്ക് ആശുപത്രിയായിരുന്ന കാലത്തുള്ള സ്റ്റാഫ് പാറ്റേൺ തന്നെയാണ് ആറുവർഷം കഴിഞ്ഞിട്ടും ജില്ലാ ആശുപത്രിയിലേത്. ഡോക്ടർമാർ മുതൽ ക്ലീനിങ് ജീവനക്കാർ വരെ 75 വിഭാഗങ്ങളിലായി 290 ജീവനക്കാരുടെ കുറവുണ്ട്. തസ്തികകൾ സൃഷ്ടിച്ചെങ്കിലും ജീവനക്കാരെ നിയമിക്കാൻ ആരോഗ്യവകുപ്പ് തയ്യാറായിട്ടില്ല. നിയമിച്ച ഡോക്ടർമാരിൽ ചിലർ വർക്ക് അറേഞ്ച്‌മെന്റിൽ മറ്റ് ആശുപത്രികളിലേക്കും പോയി. മറ്റുള്ള ചിലർ അവധിയിലും. ചികിത്സ തേടിവരുന്ന രോഗികൾ പലപ്പോഴും കാണുക ഒഴിഞ്ഞ ഒ.പി.കളാണ്. ഇതോടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ് സാധാരണക്കാർ. താലൂക്ക് ആശുപത്രിയായിരുന്നപ്പോൾ ഉണ്ടായിരുന്ന 27 സ്റ്റാഫ് നഴ്‌സുമാർ മാത്രമാണ് ഇപ്പോഴുമുള്ളത്. 63 പേർ വേണ്ടിടത്താണിത്. 40 നഴ്‌സിങ് അസിസ്റ്റന്റുമാർ വേണ്ടിടത്ത് 10 പേർ മാത്രമാണുള്ളത്.

തലയില്ല പിന്നല്ലേ...

ജില്ലാ ആശുപത്രിയിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കേണ്ടത് ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറാണ്. എന്നാൽ, ആറ് വർഷമായിട്ടും അങ്ങിനെയൊരാൾ ഇവിടെയില്ല. പകരം താലൂക്ക് ആശുപത്രികൾ നിയന്ത്രിക്കേണ്ട അസി.ഡയറക്ടർ തസ്തികയിലുള്ളയാൾക്കാണ് ചുമതല. ഇലക്ട്രീഷ്യൻ, ലിഫ്റ്റ്, ടെലഫോൺ ഓപ്പറേറ്റർമാർ, ഹെൽത്ത് സൂപ്പർവൈസർ, പ്ലംബർ തുടങ്ങിയ തസ്തികകൾ വരെ ഒഴിഞ്ഞുകിടക്കുന്നു.

രാത്രി വരേണ്ടാ അതാ നല്ലത്

ജില്ലാ ആശുപത്രികളിൽ രാത്രികാലങ്ങളിൽ ചികിത്സയ്ക്ക് എല്ലാ സംവിധാനങ്ങളും വേണമെന്നാണ് ചട്ടം. എന്നാൽ, ജില്ലാ ആശുപത്രിയിൽ എങ്ങാനും രാത്രി എത്തിപ്പെട്ടുപോയാൽ അതൊക്കെ കിട്ടാൻ ബുദ്ധിമുട്ടാണ്. അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമുള്ള ലാബ്, ഇ.സി.ജി., എക്‌സറേ, ഫാർമസി എന്നിവ ജില്ലാ ആശുപത്രികളിൽ 24 മണിക്കൂറും പ്രവർത്തിക്കണമെന്നാണ്. എന്നാൽ, ഇവിടെ ഈ സേവനം പകൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. രാത്രിയെത്തുന്ന രോഗികളെ പുറത്ത് ലാബുകളിൽ കൊണ്ടുപോയി പരിശോധന നടത്തണം. ഈ അവസ്ഥയ്ക്കും കാരണമായത് ജീവനക്കാരുടെ കുറവ് തന്നെയാണ്.