ചെറുതോണി : ക്ഷീരവികസനവകുപ്പ് മിൽക്ക് ഷെഡ് പദ്ധതിപ്രകാരം 10 കർഷകർക്ക് കൃഷ്ണഗിരിയിൽനിന്ന്‌ പശുക്കളെ വാങ്ങിയത് നടപടിക്രമങ്ങൾ പാലിച്ച് തന്നെയാണെന്ന് ക്ഷീരവികസന വകുപ്പ് ഇടുക്കി ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. തമിഴ്നാട്ടിൽനിന്ന്‌ ക്ഷീരവികസന വകുപ്പിന്റെ സഹായത്തോടെ വാങ്ങിയ മണിയാറൻകുടി സ്വദേശി കുറവൻപിള്ളിaൽ തങ്കച്ചന്റെ പശുവിന് കുളമ്പുരോഗം ബാധിച്ച് അവശനിലയിലായ വാർത്തയെ തുടർന്നാണ് വിശദീകരണം.

പദ്ധതിയുടെ മാർഗരേഖയിൽ കേരളത്തിന് പുറത്തുനിന്ന് പശുക്കളെ വാങ്ങണമെന്ന് പ്രത്യേകം നിർദേശമുണ്ട്. തങ്കച്ചനെയും മറ്റ് കർഷകരെയും കൂട്ടി ഉദ്യോഗസ്ഥരും സംഘം പ്രതിനിധികളും ചേർന്നാണ് പശുവിനെ വാങ്ങിയത്. കർഷകർക്ക് കേരളത്തിൽനിന്ന് പശുവിനെ വാങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

എന്നാൽ, ചട്ടം അതനുവദിക്കുന്നില്ല. ഈ പശുക്കളെ കൊണ്ടുവരുന്നതിന് മുൻപ് തന്നെ സംസ്ഥാനത്ത് കുളമ്പുരോഗം വ്യാപകമായിരുന്നു. അതിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടന്നുവരുകയാണ്.

പുറത്തുനിന്ന് കൊണ്ടുവന്ന എല്ലാ പശുക്കൾക്കും കുളമ്പുരോഗം ബാധിച്ചിട്ടില്ല. ബില്ലിൽ ക്രമക്കേടുണ്ടെന്ന ആരോപണം ശരിയല്ലെന്നും ഡയറക്ടർ അറിയിച്ചു.