രാജാക്കാട് : പന്നിയാർകുട്ടി വളയംപിള്ളി-വിയർസൈറ്റ് റോഡിൽ ശക്തമായ മഴയെ തുടർന്ന് വലിയ കുഴി രൂപപ്പെട്ടു. 2018-ൽ റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി കോൺക്രീറ്റ് ചെയ്ത റോഡിനോട് ചേർന്നാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്.

ആറു മീറ്ററോളം ആഴത്തിലും അഞ്ച് മീറ്ററോളം നീളത്തിലും അഞ്ചു മീറ്റർ വീതിയിലും കോൺക്രീറ്റ് റോഡിനടിയിലെ മണ്ണ് ഒലിച്ചുപോയിട്ടുണ്ട്.

ഇവിടെനിന്ന് ഉറവയുണ്ടായി ഒഴുകുന്നുണ്ട്. പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ റോഡ്. നിലവിൽ ഒരുവാഹനവും ഇതുവഴി കടന്നുപോകാൻ സാധിക്കില്ല. പ്രദേശവാസികൾ സമീപവാസികൾ റോഡിൽ അപകട സൂചനാ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. റോഡ് പുനർ നിർമിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.