തൊടുപുഴ : ജനദ്രോഹ തീരുമാനങ്ങൾ നിറഞ്ഞ നഗരസഭാ മാസ്റ്റർ പ്ലാൻ വിജ്ഞാപനം മരവിപ്പിക്കണമെന്ന് തൊടുപുഴയിലെ റസിഡൻസ് അസോസിയേഷനുകളുടെ സംയുക്ത സംഘടനയായ ട്രാക്ക് (തൊടുപുഴ റസിഡന്റ്‌സ് അപക്‌സ് കൗൺസിൽ) ആവശ്യപ്പെട്ടു. മാസ്റ്റർ പ്ലാനിലെ തെറ്റുകൾ തിരുത്തുന്നതിനുള്ള പുതിയ നിർദേശങ്ങൾക്കായി സംഘടനയുടെ നേതൃത്വത്തിൽ ഡിസംബർ നാലിന് ജനകീയസഭ ചേരുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

കാഡ്‌സ് വില്ലേജ് സ്‌ക്വയറിൽ വൈകീട്ട് മൂന്നിന് സഭ ചേരും.

മാസ്റ്റർ പ്ലാൻ ഗസറ്റിൽ പ്രഖ്യാപിച്ചതോടെ നഗരസഭാവാസികൾ ദുരിതത്തിലായിരിക്കുകയാണ്. നഗരത്തിലൂടെ കടന്നുപോകുന്ന അഞ്ച് സംസ്ഥാന പാതകളുടെ വീതി 24 മീറ്ററായി ഉയർത്തണമെന്നാണ് പ്ലാനിലുള്ളത്. റോഡിനിരുവശവുള്ള സ്ഥലവും മരവിപ്പിക്കും.

നഗരത്തിലെ 12 മുതൽ 18 മീറ്റർ വരെ വീതിയുള്ള പ്രധാന റോഡുകളുടെ സ്ഥിതിയും ഇതാണ്. ഇങ്ങനെ മരവിപ്പിക്കുന്ന സ്ഥലങ്ങൾ സർക്കാരോ നഗരസഭയോ എന്ന് ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകുമെന്ന് യാതൊരു നിശ്ചയവുമില്ല. ഇവിടങ്ങളിലുള്ളവർക്ക് കെട്ടിടം പണിയാനോ, പുനർ നിർമിക്കാനോ ഭൂമി വിൽക്കാനോ കഴിയില്ല. ഗ്രീൻ ബെൽറ്റ് പ്രഖ്യാപനം ചെറുതുണ്ട് ഭൂഉടമകളെ വലയ്ക്കുന്നതാണ്. പാടം നികത്തി രണ്ടാം സ്റ്റേഡിയം നിർമിക്കണം നിർദേശം തിരുത്തപ്പെടണം.

സോൺ വിഭജനത്തിലും അപാകതകളുണ്ട്. നഗരസഭയെ 12 സോണുകളായാണ് തിരിച്ചിരിക്കുന്നത്. ഭൂരിഭാഗം പ്രദേശവും കാർഷിക മേഖലയാണ്. ഇവിടെ വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ നിർമിക്കാനാകില്ല. അതിനാൽ പത്ത് മീറ്ററിൽ കൂടുതൽ വീതിയുള്ള റോഡുകൾക്ക് ഇരുവശവും 250 മീറ്റർ വീതിയിൽ മിക്‌സഡ് റസിഡൻഷ്യൽ സോണുകളായി നിശ്ചയിക്കണം. മുതലക്കോടം ബൈപാസ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണ് നിശ്ചയിച്ചിരിക്കുന്നത്.

മാസ്റ്റർ പ്ലാനിൽ പറഞ്ഞിരിക്കുന്ന പദ്ധതികൾക്ക് 2011-ലെ കണക്കനുസരിച്ച് 2630.93 കോടി രൂപ ചെലവാകും. ഇപ്പോൾ അത് ഇരട്ടിയിലധികം വരും. ഇത് സംബന്ധിച്ച് യാതൊരു വ്യക്തതയുമില്ലാതെ ജനങ്ങളുടെ ഭൂമി മരവിപ്പിക്കാൻ അനുവദിക്കില്ല. കരട് വിഞ്ജാപനം ചെയ്ത കാര്യം വളരെ താമസിച്ചാണ് നഗരസഭ ജനങ്ങളെ അറിയിച്ചത്.

പ്രതിഷേധം ഉയർന്നപ്പോൾ പരാതി നൽകുന്നതിനുള്ള സമയം നീട്ടിചോദിച്ചിട്ടുണ്ട്. എന്നാൽ, അതിന് തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിൽ വിജ്ഞാപനം മരവിപ്പിക്കുക മാത്രമാണ് പരിഹാരം. ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് ജനകീയ സഭ ചേരുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

പത്രസമ്മേളനത്തിൽ ട്രാക്ക് ആക്ടിങ് പ്രസിഡന്റ് എം.സി.മാത്യു, സെക്രട്ടറി സണ്ണി തെക്കേക്കര, ജെയിംസ് ടി.മാളിയേക്കൽ, പി.എം.ശശി, എൻ.പി.പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു.