പീരുമേട് : കേരള ടൂറിസം ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭരണം എൽ.ഡി.എഫ്. പിടിച്ചെടുത്തു. പതിമൂന്നംഗ ഭരണസമിതിയിൽ ഏഴുപേർ വിജയിച്ചതോടെയാണ് എൽ.ഡി.എഫ്. നേതൃത്വം നൽകിയ സഹകരണ സംരക്ഷണ മുന്നണി ഭരണം നേടിയത്.

സംഘർഷത്തിൽ രണ്ടുപേർക്ക്‌ പരിക്ക്. യു.ഡി.എഫ്. സ്ഥാനാർഥി ഈരാറ്റുപേട്ട സീദേശി ഷാജിമോൻ മാത്യു (56), മാധ്യമ പ്രവർത്തകനും ഡി.സി.സി. അംഗവുമായ ഷാജി കുരിശുംമൂട് (49) എന്നിവർക്കാണ് പരിക്കേറ്റത്. വോട്ട്‌ ചെയ്തു മടങ്ങുന്നതിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ഷാജിമോൻ മാത്യുവിനെ പീരുമേട് താലൂക്ക് ആശുപത്രിയിലും വോട്ടു ചെയ്യാൻ എത്തിയവരെതടയുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ഷാജി കുരിശുമ്മൂടിനെ വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വേട്ടെണ്ണൽ സമയത്ത് നാടകീയ മുഹൂർത്തങ്ങളും അരങ്ങേറി. ആദ്യം വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യു.ഡി.എഫ്. സ്ഥാനാർഥികളായ ഏഴു പേർ വിജയിച്ചിരുന്നു. എൽ.ഡി.എഫ്. പ്രവർത്തകർ റീ കൗണ്ടിങ്‌ ആവശ്യപ്പെടുകയും വോട്ട്‌ വീണ്ടും എണ്ണുകയുമായിരുന്നു. എണ്ണി കഴിഞ്ഞപ്പോൾ ഭരണം എൽ.ഡി.എഫ്. നേടി.

വർഷങ്ങളായി കൈയ്യാളിയിരുന്ന സൊസൈറ്റിയുടെ ഭരണം നിലനിർത്താനായി യു.ഡി.എഫും ഭരണം പിടിച്ചെടുക്കാനായി എൽ.ഡി.എഫും വലിയ പോരാട്ടമാണ് നടത്തിയത്. ഇരുകൂട്ടരും പാനൽ അവതരിപ്പിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പ് ദിനം പീരുമേട്ടിൽ ഇടതു, വലത് ജില്ലാതല നേതാക്കൾ ഉൾപ്പെടെ തമ്പടിച്ചിരുന്നു. ഒപ്പം നൂറുകണക്കിന് പ്രവർത്തകരും സ്ഥലത്തെത്തി. ബുധനാഴ്ച രാവിലെ മുതൽ പല കാരണങ്ങൾ പറഞ്ഞ് എൽ.ഡി.എഫ്., യു.ഡി.എഫ്. പ്രവർത്തകർ തമ്മിൽ പ്രകോപനമുണ്ടാക്കിയിരുന്നു. പോലീസ് ഇടപെട്ടാണ് പ്രവർത്തകരെ ശാന്തമാക്കിയത്. പീരുമേട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വലിയ പോലീസ് സന്നാഹവും സ്ഥലത്ത് ഉണ്ടായിരുന്നു. നിരവധി തവണ പ്രവർത്തകരും സ്ഥാനാർഥികളും വോട്ടുചെയ്യാൻ എത്തിയവരും തമ്മിൽ വാക്കേറ്റമുണ്ടായി.

കേരള ടൂറിസം ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, വാഗമൺ ഭരണ സമിതിയിലേക്കുള്ള തിരത്തെടുപ്പ് പീരുമേട് സർക്കിൾ സഹകരണ ഓഡിറ്റോറിയത്തിൽവെച്ചാണ് നടന്നത്. യു.ഡി.എഫ്. പാനലും എൽ.ഡി.എഫ്. നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണിയുമാണ് പതിമൂന്നംഗ ഭരണ സമിതിയിലേക്ക് മത്സരിച്ചത്. 9-ജനറൽ അംഗങ്ങൾ, 2- വനിതാ അംഗങ്ങൾ, 2- സംവരണ അംഗങ്ങൾ എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് വിജയത്തിൽ എൽ.ഡി.എഫ്. പ്രവർത്തകർ പീരുമേട്ടിൽ ആഹ്ലാദ പ്രകടനവും നടത്തി.

മാധ്യമപ്രവർത്തകന് പരിക്കേറ്റു

ഉച്ചയ്ക്ക് വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരേയും അക്രമമുണ്ടായി. വീക്ഷണം റിപ്പോർട്ടർ ഷാജി കുരിശുംമൂടിനാണ് പരിക്കേറ്റത്. ഷാജി വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.