മൂന്നാർ : ആറുമാസത്തെ ഇടവേളക്കുശേഷം ദേവികുളം ഗ്യാപ് റോഡിലെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. ജൂൺ 17-നുണ്ടായ മലയിടിച്ചിലിനെ തുടർന്നാണ് കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയിലെ ഗ്യാപ് റോഡിൽ നിർമാണം നിലച്ചത്. മലയിടിച്ചിലിൽ കൃഷി നശിച്ച കർഷകർക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് കരാറുകാരനും കർഷകരുമായി ഒരാഴ്ച മുൻപ് ഒത്തുതീർപ്പിലെത്തിയിരുന്നു. ഇതേത്തുടർന്ന് കളക്ടടർ അനുമതി നൽകിയതോടെയാണ് നിലച്ചുകിടന്ന പണികൾ പുനരാംഭിച്ചത്.
മലയിടിച്ചിലിൽ വീണ കൂറ്റൻ പാറ പൊട്ടിച്ചുനീക്കുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്. പാറ പൊട്ടിച്ചുനീക്കിയ ശേഷം, റോഡിലെ തകർന്ന 180 മീറ്റർ ഭാഗത്തെ പണികൾ തുടങ്ങും. തട്ടുതട്ടുകളായി സംരക്ഷണഭിത്തി പണിത് റോഡ് രണ്ടുമാസത്തിനുള്ളിൽ ഗതാഗത യോഗ്യമാക്കുമെന്ന്് ദേശീയപാത അസി.എക്സി. എൻജിനീയർ റെക്സ് ഫെലിക്സ് പറഞ്ഞു. 2017 സെപ്തംബറിലാണ് മൂന്നാർ - ബോഡിമെട്ട് റോഡിന്റെ പണികൾ തുടങ്ങിയത്.
ദേശീയപാതയിലെ മൂന്നാർ മുതൽ ബോഡിമെട്ടു വരെയുള്ള 41 കി.മീ. ഭാഗത്തെ വീതി കൂട്ടലാണ് നടക്കുന്നത്. ഇതിൽ 3.28 കി.മീ. ഭാഗത്തെ പണി വനംവകുപ്പിന്റെ അനുമതി ലഭിച്ചാലുടൻ തുടങ്ങുമെന്നും ദേശീയ പാതാ അധികൃതർ പറഞ്ഞു. ദേശീയപാതയുടെ വീതി കൂട്ടൽ നടത്തുമ്പോൾ കാട്ടാനകൾക്കും വരയാടുകൾക്കും സഞ്ചാര സൗകര്യമേർപ്പെടുത്തണമെന്നുള്ള വനംവകുപ്പിന്റെ ആവശ്യം ദേശീയപാതാ അധികൃതർ അംഗീകരിച്ചിരുന്നു. ഇതേത്തുടർന്ന് ആനത്താരകളും വരയാടിനുള്ള പാലവും പണിയുന്ന സ്ഥലങ്ങൾ സംബന്ധിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ കഴിഞ്ഞ ദിവസം ഇവിടെയെത്തി പരിശോധന നടത്തി.