തൊടുപുഴ : തിരഞ്ഞെടുപ്പായാലും ജീവിതമായാലും അത് ഇടുക്കിക്കാർ ആഘോഷിച്ചുതീർക്കും. അതിനവർക്ക് പ്രായമൊന്നും ഒരു തടസ്സമല്ല. മലനാട്ടിലെ ഏറ്റവും മുതിർന്ന സ്ഥാനാർഥിക്ക് 80 വയസാണെങ്കിൽ മത്സരിക്കുന്നതിനുവേണ്ട അടിസ്ഥാന പ്രായമായ 21 ഉള്ളതാകട്ടെ നാല് പേർക്കും. അവരെ പരിചയപ്പെടാം. അവരുടെ വികസനസ്വപ്നങ്ങളെന്തെന്നും അറിയാം.
ഷെഫിൻ ഷാജി (21)
ഇടവെട്ടി പഞ്ചായത്ത് 11-ാം വാർഡിലെ ഇടതുപക്ഷ മുന്നണി സ്ഥാനാർഥി. എസ്.എഫ്.ഐ.യിലൂടെ തുടക്കം. വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനായി ശബ്ദമുയർത്തിയ കാലം തന്നെയാണ് തന്റെ അടിത്തറയെന്ന് വിശ്വസിക്കുന്നു. സമഗ്രമായ ഒരു വികസനമാതൃകയാണ് മനസ്സിലുള്ളത്. അതിൽ എല്ലാ വിഭാഗം ജനങ്ങളും ഉൾപ്പെടണമെന്ന് ആഗ്രഹം. കുട്ടികൾക്കായി കളിസ്ഥലം, യുവാക്കൾക്കായി പി.എസ്.സി. പരിശീലനകേന്ദ്രം... അങ്ങനെ കുറേ പദ്ധതികൾ മനസ്സിലുണ്ട്.
അമൽ സുരേഷ് (21)
കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്തിലെ 18-ാം വാർഡിലെ യു.ഡി.എഫ്. സ്ഥാനാർഥി. മൂന്നാർ ഗവ. കോളേജിൽ കെ.എസ്.യു. പ്രവർത്തകൻ. സാധാരണക്കാരായ തന്റെ നാട്ടിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിന് വേണ്ടി ഗുണപരമായ പദ്ധതികൾ നടപ്പാക്കുക ലക്ഷ്യം. നടപ്പിലാക്കാൻ പോകുന്ന പ്രധാന പദ്ധതികളെക്കുറിച്ച് പറഞ്ഞത് വോട്ടുപിടിത്തം. യുവജനങ്ങൾക്ക് തൊഴിൽ പരിശീലനം, തൊഴിലുറപ്പ് പദ്ധതിയുടെ ഗുണകരമായ വിനിയോഗം, ടൂറിസം മേഖലയിൽ സാദ്ധ്യതകൾ കണ്ടെത്തി നടപ്പിലാക്കുക എന്നിവ പ്രധാന ലക്ഷ്യങ്ങൾ. നാട്ടിലെ മുഴുവൻ അർഹരായ ഭവനരഹിതർക്കും സർക്കാരിൽനിന്നോ മറ്റു സംഘടനകൾ വഴിയോ വീട് ലഭ്യമാക്കാൻ പരിശ്രമിക്കുമെന്ന് വാഗ്ദാനം.
സനിത സജി (21)
അടിമാലി പഞ്ചായത്തിലെ 14-ാം വാർഡായ മന്നാങ്കാലയിൽ ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി. രാഷ്ട്രീയത്തിൽ ഇതാദ്യം. താമസിക്കുന്ന ലക്ഷംവീട് കോളനി വികസനത്തിൽ പിന്നിലാണെന്ന തോന്നലും പ്രദേശവാസികളുടെ ആവശ്യവും സ്ഥാനാർത്ഥിത്വത്തിലേക്കെത്തിച്ചു. അതുകൊണ്ട് പ്രദേശത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് മുൻഗണന. തന്നെ പോലെയുള്ള യുവതീയുവാക്കൾ മുൻനിരയിലേക്ക് കടന്നുവരണമെന്ന് ആഗ്രഹിക്കുന്നു. അതിന് വേണ്ടിയുള്ള പരിശ്രമവുമുണ്ടാകുമെന്ന് വാഗ്ദാനം.
ആതിര കുഞ്ഞുമണി (21)
ഇരട്ടയാർ പഞ്ചായത്ത് ഒന്നാം വാർഡ് ചെമ്പകപ്പാറയിലെ എൻ.ഡി.എ. സ്വതന്ത്രസ്ഥാനാർഥി. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യൻ. പ്രാദേശിക ഭരണകൂടങ്ങളിൽ യുവത്വത്തിന്റെ കടന്നുവരവ് വലിയ മാറ്റങ്ങൾക്ക് കാരണമാകും എന്ന സന്ദേശം ഉയർത്തിയാണ് ആതിര മത്സരിക്കുന്നത്. വിജയിക്കുകയാണെങ്കിൽ വാർഡിൽ ദീർഘവീക്ഷണത്തോടെയുള്ള വികസനപ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്ന ഉറച്ച വിശ്വാസം. സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും നൽകുന്ന പിന്തുണ വലുതെന്നും സ്ഥാനാർഥിയുടെ പക്ഷം.
ഇ.എ.കോശി (81)
കൊക്കയാർ പഞ്ചായത്തിലെ മൂന്നാം വാർഡായ മേലോരത്ത് നാഷണൽ ജനതാദൾ സ്ഥാനാർഥി. റിട്ട. അധ്യാപകൻ. കൊക്കയാർ സഹകരണബാങ്കിന്റെ ആദ്യകാല പ്രസിഡന്റ്. ജോലിയിൽനിന്ന് വിരമിച്ചശേഷം കൊക്കയാർ ഗ്രാമപഞ്ചായത്തിലേക്ക് മേലോരത്തുനിന്ന് രണ്ടു തവണയും വടക്കേമല വാർഡിൽനിന്ന് ഒരു തവണയും മത്സരിച്ചു. മത്സരത്തിൽ കിട്ടുന്ന വോട്ടുകളുടെ എണ്ണം കാര്യമാക്കാത്ത കോശിസാറിന് പ്രദേശത്തുള്ള ബന്ധുജനങ്ങളുടെ ബലമാണ് എൺപത്തിയൊന്നാം വയസിലും മത്സരരംഗത്തിറങ്ങാൻ പ്രചോദനമാകുന്നത്. പ്രദേശത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്. സഹോദരൻ ജോൺ ഇതേ വാർഡിലെ സ്വതന്ത്രസ്ഥാനാർഥിയാണ്. പിതൃസഹോദരപുത്രൻ കോശി മത്തായിയാണ് ഇടത് സ്ഥാനാർഥി. ഭാര്യയും റിട്ട. അധ്യാപികയുമായ അന്നമ്മ 1989-ൽ ഇടതുസ്ഥാനാർഥിയായി പഞ്ചായത്തിലേക്ക് മത്സരിച്ചിട്ടുണ്ട്.