കരിപ്പൂർ

: കൊച്ചിമുതൽ മുംബൈവരെ നീളുന്ന സ്വർണക്കടത്തുകാരുടെ സുവർണ ഇടനാഴി ലഹരിക്കടത്തിന്റെ ഇടനാഴിയായി മാറുന്നു. കൊച്ചി, കോഴിക്കോട്, മംഗളൂരു, ഗോവ വഴി മുംബൈയിലേക്കെത്തുന്ന സ്വർണക്കടത്ത് ഇടനാഴിയെയാണ് സുവർണ ഇടനാഴിയെന്നു വിളിച്ചിരുന്നത്.

കൊച്ചി, കോഴിക്കോട്, കണ്ണൂർ, മംഗളൂരു, ഗോവ വിമാനത്താവളങ്ങളാണ് സുവർണ ഇടനാഴിയിലെ പ്രധാന കേന്ദ്രങ്ങൾ. ഇതോടൊപ്പം സിഗരറ്റ്, കുങ്കുമപ്പൂ ഇടപാടുകളും നടന്നിരുന്നു. കൊടുവള്ളി, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലെ കടത്തുസംഘങ്ങൾക്കായിരുന്നു സുവർണ ഇടനാഴിയുടെ നിയന്ത്രണം.

സ്വർണക്കടത്ത് നഷ്‌ടമായതിനാലാണ് വിവിധ സംഘങ്ങൾ മയക്കുമരുന്നുകടത്തിലേക്ക് തിരിഞ്ഞതെന്നാണ് അധികൃതർ കരുതുന്നത്. സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും ഒറ്റുകൊടുക്കലും നാട്ടിലെത്തുന്ന സ്വർണം തട്ടിയെടുക്കലും പതിവായതോടെ സുവർണ ഇടനാഴിയിലെ സ്വർണക്കടത്ത് സാഹസികമായി മാറി. ഇതോടെ മുംബൈ അധോലോകം ഇടനാഴിയുടെ നിയന്ത്രണം ഏറ്റെടുത്തു. ദാവൂദ് ഇബ്രാഹീമിന്റെ സഹോദരൻ അനീസാണ് ഇതിനുപിന്നിലെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന വിവരം. രാജ്യത്ത് സ്‌ഫോടനം നടത്താൻ പദ്ധതിയിട്ട തീവ്രവാദികൾക്ക് ആയുധമെത്തിച്ചതിനു എൻ.ഐ.എ. തിരയുന്ന ആളാണ് അനീസ്.

അഫ്ഗാനിസ്താനിൽനിന്നു ദുബായിലെത്തുന്ന മയക്കുമരുന്ന് മറ്റുരാജ്യങ്ങൾ വഴി ഇന്ത്യയിലേക്ക് കടത്തുകയാണ് പുതിയ രീതി. കഴിഞ്ഞദിവസം കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിലായ സാംബിയൻ സ്വദേശിനി ഈ സംഘത്തിലെ കണ്ണിയാണ്. കോഴിക്കോട് സ്വദേശിക്കുവേണ്ടിയാണ് ഇവർ ഹെറോയിൻ കടത്തിയത്. ഇയാൾ മുംബൈ കള്ളക്കടത്ത് ലോബിയുടെ ഏജന്റാണെന്നും അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്.