പന്നിമറ്റം : വെള്ളിയാമറ്റം പഞ്ചായത്തിലെ ഹരിതകർമസേനയുടെ പ്രവർത്തനം അവതാളത്തിൽ. കോവിഡ് കാലത്ത് സേനാംഗങ്ങൾ കൊഴിഞ്ഞുപോയതാണ് പ്രതിസന്ധിക്ക് കാരണം. ഒരു വർഷത്തിലേറെയായി പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും ലോഹഭാഗങ്ങളും ഉൾെപ്പടെയുള്ളവ വീടുകളിൽ കെട്ടിക്കിടക്കുകയാണ്.

വരുമാനമില്ല; പിന്നെന്ത് ചെയ്യും?

കോവിഡാണ് പ്രശ്നമുണ്ടാക്കിയത്. ഇതോടെ വീടുകളിൽ പോയി മാലിന്യങ്ങൾ ശേഖരിക്കാൻ കഴിഞ്ഞില്ല. ഇതോടെ സേനാംഗങ്ങൾക്ക് വരുമാനം ഇല്ലാതായി. പലർക്കും മറ്റ് ജോലി തേടി പോകേണ്ടിവന്നു. പ്രതിമാസം 70 രൂപയാണ് മാലിന്യം ശേഖരിക്കുന്നതിന് ഓരോ വീടുകളിൽനിന്ന് ഈടാക്കുന്നത്. മലയോരപ്രദേശമായതിനാൽ പത്തിൽ കൂടുതൽ വീടുകളിൽ ഒരു ദിവസം കയറാൻ കഴിഞ്ഞിട്ടില്ല. രണ്ടുപേരുൾപ്പെടുന്ന സംഘത്തിന് ഒരു ദിവസം പരമാവധി 350 രൂപയും വണ്ടിക്കൂലിയും മാത്രമേ ലഭിക്കുകയുള്ളൂ. പല വീടുകളിൽനിന്നും ഈ ഫീസ് കൃത്യമായി ലഭിക്കാറില്ല. അതും വലിയ പ്രശ്നമാണ്. ഇതൊക്കെ കാരണം സേനാംഗങ്ങൾ പലരും ജോലി നിർത്തി പോകുകയായിരുന്നു.