നെടുങ്കണ്ടം : പാറത്തോട് വില്ലേജ് ഓഫീസിനായി നിർമിക്കുന്ന കെട്ടിടത്തിന്റെ പ്രാരംഭ ജോലികൾ ആരംഭിച്ചു. പഴയ താലൂക്കോഫീസ് കെട്ടിടത്തിന് എതിർവശത്തായി സർക്കാർ ക്വാർട്ടേഴ്‌സുകളോടു ചേർന്നാണ് പാറത്തോട് വില്ലേജ് ഓഫീസിനായുള്ള കെട്ടിടം നിർമിക്കുന്നത്. ഇതിനായി സ്ഥലത്തെ മണ്ണ് നീക്കുന്ന ജോലികളാണ് ആരംഭിച്ചിരിക്കുന്നത്.

45 ലക്ഷം രൂപയാണ് കെട്ടിടത്തിനായി ചെലവിടുന്നത്. പൊതുജനങ്ങൾക്ക് ഇരിപ്പിടം, ഫ്രണ്ട് ഓഫീസ് സംവിധാനം, വിശ്രമമുറി, ശൗചാലയം, ഓഫീസ് കാബിൻ, ഉദ്യോഗസ്ഥർക്ക് ഭക്ഷണം കഴിക്കാനുള്ള മുറി, സേവനങ്ങൾ ലഭ്യമാക്കുന്നതിന് പ്രത്യേകം കൗണ്ടറുകൾ, സെർവർ റൂം, റെക്കോഡ് റൂം, അംഗപരിമിതർക്ക് പ്രത്യേക സൗകര്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് കെട്ടിട നിർമാണം.

പാറത്തോട് വില്ലേജ് ഓഫീസിനൊപ്പം കൽക്കൂന്തൽ വില്ലേജ് ഓഫീസിനെയും സാമർട്ട് വില്ലേജാക്കി മാറ്റുന്നുണ്ട്. എന്നാൽ പാറത്തോട് വില്ലേജ് ഓഫീസിന്റെ നിർമാണം മാത്രമാണ് നിലവിൽ ആരംഭിച്ചിരിക്കുന്നത്. നിലവിൽ പാറത്തോട്-കൽക്കൂന്തൽ വില്ലേജ് ഓഫീസുകൾ പ്രവർത്തിക്കുന്ന സ്ഥലത്താണ് കൽക്കൂന്തൽ വില്ലേജ് ഓഫീസിന് കെട്ടിടം നിർമിക്കാൻ തീരുമാനിച്ചിരിക്കുന്നത്. രണ്ട് വില്ലേജുകൾക്കുമായി മുക്കാൽ ഏക്കറോളം സ്ഥലം ഉണ്ട്. പുതിയ കെട്ടിടങ്ങൾ നിലവിൽ വരുന്നതോടെ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കെട്ടിടങ്ങൾ ക്വാർട്ടേഴ്സുകളാക്കി മാറ്റും.

ഉടുമ്പൻചോല താലൂക്കിലെ കാന്തിപ്പാറ, ഇരട്ടയാർ, പൂപ്പാറ, രാജാക്കാട്, ശാന്തൻപാറ, ഉടുമ്പൻചോല, ചതുരംഗപ്പാറ, കരുണാപുരം, പാറത്തോട്, കൽക്കൂന്തൽ എന്നീ വില്ലേജ് ഓഫീസുകൾക്കാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.

ഇരട്ടയാർ ഒഴികെയുള്ള കെട്ടിടങ്ങൾ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയും, ഇരട്ടയാറിൽ പ്ലാൻ ഫണ്ട് ഉപയോഗിച്ചുമാണ് നിർമാണം. ഇരട്ടയാറിലെ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്.