നെടുങ്കണ്ടം : പത്രിക പിൻവലിക്കാനാനയുള്ള സമയം അവസാനിച്ചപ്പോൾ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ബാലഗ്രാം ഡിവിഷനിൽ കെ.എസ്.യു. സംസ്ഥാന നേതാവിനെ വെട്ടിനിരത്തി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സീറ്റ് ഉറപ്പിച്ചു. രാവും പകലുമില്ലാതെ നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിലാണ് കോൺഗ്രസ് എ. വിഭാഗക്കാരനും പി.ടി.തോമസ് എം.എൽ.എ.യുടെ അനുയായിയുമായ യുവനേതാവ് സീറ്റ് കൈക്കലാക്കിയത്.
ജില്ലാ തലത്തിൽ കഴിഞ്ഞദിവസം നടന്ന ചർച്ചയിൽ ബാലഗ്രാം ഡിവിഷൻ കെ.എസ്.യു. സംസ്ഥാന സെക്രട്ടറി അരുൺ രാജേന്ദ്രന് നൽകിയിരുന്നു. അരുൺ നാമനിർദേശ പത്രിക സമർപ്പിച്ച് നവമാധ്യങ്ങളിൽ പ്രചാരണവും തുടങ്ങി. ഇതിനുപിന്നാലെയാണ് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മുകേഷ് മോഹനും പത്രിക സമർപ്പിച്ചത്. ഇതോടെ വീണ്ടും കൊണ്ടുപിടിച്ചു സമവായ ചർച്ചയായി. ഒടുവിൽ അരുൺ രാജേന്ദ്രനോട് പിൻമാറാൻ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എന്നീ നിലകളിലുള്ള പ്രവർത്തന പരിചയം മുകേഷിന് അനുകൂലമായി. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിൽ ഇത്തവണ അധ്യക്ഷസ്ഥാനം പട്ടികജാതി വിഭാഗക്കാരനാണ്. ബ്ലോക്കിൽ യു.ഡി.എഫിന് ഭരണത്തുടർച്ച ലഭിച്ചാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതും മുകേഷിനെയാണ്.