മൂന്നാർ : വീടിനുസമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷാ കാട്ടാന അടിച്ചുതകർത്തു. ‘പടയപ്പ’ എന്ന് നാട്ടുകാർ വിളിക്കുന്ന ഒറ്റക്കൊമ്പനാണ് അക്രമാസക്തനായത്. കണ്ണൻദേവൻ കമ്പനി പെരിയവര എസ്റ്റേറ്റിൽ ചോലമലഡിവിഷനിൽ നെല്ലയപ്പന്റെ ഓട്ടോറിക്ഷയാണ് പൂർണമായി തകർത്തത്.
തിങ്കളാഴ്ച വെളുപ്പിന് ഒന്നരയ്കാണ് സംഭവം. ഇതിനുശേഷം പ്രധാന റോഡിലൂടെ എത്തിയ പടയപ്പ ഇതുവഴി വന്ന വാഹനങ്ങളും തടഞ്ഞു.
രാവിലെ ഏഴരവരെ ഡിവൈ.എസ്.പി. ഓഫീസിന് മുൻപിലെ റോഡിൽ നിന്ന ശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്. ഒരാഴ്ചയായി പെരിയവര മേഖലയിൽ രാത്രിയിൽ പടയപ്പ റോഡിലിറങ്ങി വാഹനങ്ങൾ തടയുന്നതും തൊഴിലാളി ലയങ്ങൾക്കു സമീപമുള്ള പച്ചക്കറി കൃഷികൾ നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്.