ചെറുതോണി : കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ വനിതാ കമ്മിഷന്റെ മുമ്പാകെ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് കമ്മിഷൻ അംഗങ്ങളായ ഷാഹിദാ കമാലും അഡ്വ. ഷിജി ശിവജിയും പറഞ്ഞു. സമീപകാലത്തായി കോടതിയുടെ പരിഗണനയിലുള്ള കേസുകൾ കമ്മിഷന്റെ മുമ്പാകെയും കൊണ്ടുവരുന്ന പ്രവണത കൂടിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കമ്മിഷന് തീരുമാനമെടുക്കാനാവില്ലെന്ന് ഇവർ വ്യക്തമാക്കി.

52 പരാതികളാണ് ലഭിച്ചത്. 14 കേസുകൾ പരിഹരിച്ചു. ഒമ്പതു കേസുകൾ വിവിധ വകുപ്പുകളുടെ റിപ്പോർട്ടിനായി ആവശ്യപ്പെട്ടിരിക്കുകയാണ്. ഒന്ന് പോലീസ് നടപടിക്കായി കൈമാറി. തീർപ്പാകാത്ത 28 കേസുകൾ അടുത്ത സിറ്റിങ്ങിലേക്ക്‌ മാറ്റി. കുടുംബപ്രശ്നങ്ങൾ, അയൽക്കാരുമായുള്ള പ്രശ്നങ്ങൾ, സാമ്പത്തികപ്രശ്നങ്ങൾ തുടങ്ങിയവയാണ് കമ്മിഷന്റെ മുമ്പാകെ കൂടുതലായും എത്തിയത്.

ജില്ലയിൽ വസ്തുസംബന്ധമായ തർക്കങ്ങളും പരാതികളുമാണ് കൂടുതൽ. ഇതിൽ പലതും കോടതികളുടെ പരിഗണനയിലുള്ളതാണ്. ഇക്കാര്യത്തിൽ കമ്മിഷന് തീരുമാനമെടുക്കാനാവില്ല. ജില്ലയിലെ സ്ത്രീധനവിഷയങ്ങളൊന്നും സിറ്റിങ്ങിൽ പരിഗണനയ്ക്കുവന്നില്ല. കമ്മിഷൻ ഡയറക്ടർ വി.യു.കുര്യാക്കോസും അംഗങ്ങളോടൊപ്പമുണ്ടായിരുന്നു.