അടിമാലി : കാട്ടാനശല്യത്തിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ നേര്യമംഗലം റേഞ്ച് ഓഫീസ് ഉപരോധവും ധർണയും നടത്തി. ഇടുക്കി-എറണാകുളം അതിർത്തി മേഖലയായ കാഞ്ഞിരവേലിയിൽ അടുത്തിടെ കാട്ടാനശല്യം രൂക്ഷമാണ്.

കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങാതിരിക്കാൻ വനംവകുപ്പ് വൈദ്യുതിവേലികൾ സ്ഥാപിക്കുകയോ ട്രഞ്ചുകൾ നിർമിക്കുകയോ ചെയ്തിട്ടില്ല. രണ്ട് വർഷത്തിനിടയിൽ കാഞ്ഞിരവേലി മേഖലയിൽ മൂന്നുപേർ കാട്ടാനയുടെ അക്രമത്തിൽ മരിച്ചു.

നേര്യമംഗലം റേഞ്ചിൽ ഉൾപ്പെടുന്ന ഈറ്റ തൊഴിലാളികൾ കാട്ടാനശല്യംമൂലം തൊഴിൽ പോലും ഉപേക്ഷിച്ചിരിക്കുകയുമാണ്. ഇതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. കെ.പി.സി.സി. നിർവാഹക സമിതി അംഗം റോയി കെ.പൗലോസ് ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്തംഗം വിജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സോളി ജീസസ്, അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം കെ.കൃഷ്ണമൂർത്തി തുടങ്ങിയവർ നേതൃത്വം നൽകി.