കെ.പി.സി.സി. ജനറൽ സെക്രട്ടറിയായി പുതിയ നിയോഗം

തൊടുപുഴ : കെ.പി.സി.സി. ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. എസ്.അശോകന് ഇത് അർഹതയ്ക്കുള്ള അംഗീകാരമാണ്. ജില്ലയിലെ കോൺഗ്രസിന്റെ സൗമ്യമുഖമായ അദ്ദേഹം മികച്ച സംഘാടകൻ കൂടിയാണ്. യു.ഡി.എഫ്. ജില്ലാ ചെയർമാനുമാണ് അശോകൻ.

കെ.എസ്.യു.വിലൂടെ ഉയർന്നുവന്ന അശോകൻ ന്യൂമാൻ കോളേജിലെ ബിരുദ പഠനകാലത്താണ് നേതൃപദവിയിലേക്ക് എത്തുന്നത്. 1973-ൽ യൂണിറ്റ് വൈസ് പ്രസിഡന്റും, 1975-ൽ തൊടുപുഴ താലൂക്ക് കമ്മിറ്റി അംഗവുമായി. തുടർന്ന് മൈസൂരു ശാരദവിലാസ് ലോ കോളേജിലെ എൽ.എൽ.ബി. പഠനകാലത്തും രാഷ്ട്രീയം കൂടെകൊണ്ടുനടന്നു. 1979-ൽ അഭിഭാഷകനായി എൻ‌റോൾ ചെയ്തു. 1980-ൽ തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി, ഡി.സി.സി. ജനറൽ സെക്രട്ടറി കെ.പി.സി.സി. നിർവാഹകസമിതി അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.