കുളമാവ് : ഇടുക്കി ജലാശയത്തിൽ മീൻപിടിക്കാൻപോയ സഹോദരങ്ങളെ വ്യാഴാഴ്ചയും കണ്ടെത്താനായില്ല. ചക്കിമാലി കോഴിപ്പുറത്ത് കുട്ടപ്പന്‍റെ മക്കളായ ബിജു (38), ബിനു(36) എന്നിവരെയാണ് ജലാശയത്തിൽ കാണാതായത്. ഇവരുടെ വള്ളവും മൊബൈൽ ഫോണുകളും കണ്ടെത്തി.

തലേദിവസം ഇടുക്കി ജലാശയത്തിലെ കണ്ണങ്കവയൽ ഭാഗത്ത് കെട്ടിയിരുന്ന വലയഴിച്ച് മീൻ ശേഖരിക്കാനാണ് ഇരുവരും ബുധനാഴ്ച രാവിലെ ജലാശയത്തിലേക്ക് പോയത്. ഉൾവനത്തിനോട് ചേർന്ന പ്രദേശമാണിത്. സാധാരണ ഉച്ചയ്ക്ക് മുൻപായി വീട്ടിൽ ഇവർ എത്തുമായിരുന്നു. എന്നാൽ, വൈകീട്ടായിട്ടും എത്താതിരുന്നതോടെ ബിനുവിന്റെ ഭാര്യ സുധ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ചെറുവള്ളങ്ങളിൽ തിരച്ചിൽ നടത്തി.

കനത്ത മഴയും ജലാശയത്തിലെ തിരയും തിരച്ചിലിന് തടസ്സമായി. മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിനെ തുടർന്ന് രാത്രി വൈകി നേവിയുടെ ബോട്ട് ലഭിച്ചു. അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. എന്നാൽ, കാറ്റും കനത്തമഞ്ഞും വെളിച്ചക്കുറവും കാരണം അർധരാത്രിയോടെ തിരച്ചിൽ അവസാനിപ്പിച്ചു.

വ്യാഴാഴ്ച ദുരന്തനിവാരണസേനയും തൊടുപുഴ, മൂലമറ്റം അഗ്നിരക്ഷാ നിലയങ്ങളിലെ സ്കൂബാ ടീമും ചേർന്നാണ് തിരച്ചിൽ നടത്തിയത്. തിരച്ചിലിൽ മുത്തിച്ചോല ഭാഗത്തുനിന്ന് കരയോട് അടിഞ്ഞ രീതിയിൽ വള്ളം കണ്ടെത്തി. ഇതോടൊപ്പം മൊബൈൽ ഫോണുമുണ്ടായിരുന്നു. കാലാവസ്ഥ പ്രതികൂലമായതോടെ വ്യാഴാഴ്ച വൈകീട്ടോടെ തിരച്ചിൽ നിർത്തേണ്ടിവന്നു. വെള്ളിയാഴ്ച വീണ്ടും തിരച്ചിൽ തുടരും.

എൻ.ഡി.ആർ.എഫ്. പൈനാവ് കമാൻഡർ ഡി.കൗസുവയുടെ നേതൃത്വത്തിലുള്ള സംഘവും മൂലമറ്റം അഗ്നിരക്ഷാസേനയിലെ സീനിയർ ഫയർ ഓഫീസർ ജാഫർഖാന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് തിരച്ചിൽ നടത്തുന്നത്. ഇവർക്ക് സഹായവുമായി മുൻ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷാജി ജോസഫ് കദളിക്കാട്ടിലും നാട്ടുകാരുമുണ്ട്. ഇടുക്കി തഹസിൽദാർ വിൻസെന്റ്, കുളമാവ് പോലീസ് എ.എസ്.ഐ. ബിജു ജോർജ്, വൈൽഡ് ലൈഫ് ഫോറസ്റ്റർ ബഷീർ എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്. എ.ഡി.എം. ഷൈജു പി.ജേക്കബും അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.വിനോദും കുളമാവിൽ എത്തിയിരുന്നു.

വാഗമൺ പോലീസ് സ്ഥലത്തെത്തി വള്ളവും മൊബൈൽഫോണും ഏറ്റെടുത്തു. ബുധനാഴ്ച ഉണ്ടായ അപകടം കുളമാവ്, വാഗമൺ പോലീസിൽ അറിയിച്ചെങ്കിലും അതിർത്തി തർക്കം പറഞ്ഞ് ആരും സ്ഥലത്തെത്തിയില്ല എന്നാക്ഷേപമുണ്ട്. എന്നാൽ കുളമാവിൽനിന്ന് പോകാൻ ബോട്ട് കിട്ടാതിരുന്നതും വാഗമണ്ണിൽനിന്ന് കൊടുംകാട്ടിലൂടെ രാത്രി എത്താൻ കഴിയുന്ന സാഹചര്യമല്ലാതിരുന്നതിനാലുമാണ് ബുധനാഴ്ച എത്താനാകാഞ്ഞതെന്ന് പോലീസ് പറയുന്നു. ബിനു

 ബിജു