വണ്ണപ്പുറം : നിയന്ത്രണംവിട്ട ബസ് കമ്പകക്കാനം എസ് വളവിൽ മറിഞ്ഞ് 12 യാത്രക്കാർക്ക് പരിക്ക്. ചേലച്ചുവടുനിന്ന് തൊടുപുഴയ്‌ക്ക് വരുകയായിരുന്ന സ്വകാര്യ ബസാണ് വൈകീട്ട് നാലരയോടെ അപകടത്തിൽപ്പെട്ടത്. ഇറക്കമിറങ്ങി വരുമ്പോൾ ബസിന്റെ നിയന്ത്രണംവിട്ടു. തുടർന്ന്, ബ്രേക്കുചെയ്ത് നിർത്താനുള്ള ശ്രമത്തിനിടയിൽ റോഡരികിലേക്ക് മറിയുകയായിരുന്നു. ബസിൽ ആകെ 24 യാത്രക്കാരാണുണ്ടായിരുന്നത്. കൊച്ചിരിപ്പാറ അജിത, പാറേക്കുന്നേൽ ഓമന, കോലാനി സ്വദേശിനി ബീന, മുണ്ടന്മുടി മാട്ടുമ്മേൽ അഗസ്റ്റിൻ, കളിയാർ പാറേക്കുന്നേൽ അരുൺ കുമാർ, വണ്ണപ്പുറം ചിരപ്പറമ്പിൽ ജാൻസി, കാളിയാർ കാഞ്ഞിരമലയിൽ സിസിലി തോമസ്, നാൽപ്പതേക്കർ ചിറയിൽ ഉമാശങ്കരി, ഡാലിയ പനയ്ക്കൽ, ജൂഡി ജോൺസൻ, അംബിക പി.എൻ. പുത്തൻപുരയിൽ മൂലമറ്റം, തൊമ്മൻകുത്ത് ഐക്കരകുന്നേൽ സജി എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
പരിക്കേറ്റവരെ തൊടുപുഴയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസ് മറിയുന്ന ശബ്ദംകേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നാലെ പോലീസും അഗ്നിരക്ഷാസേനയുമെത്തി. ബസ് റോഡിൽതന്നെ കിടക്കുകയാണ്. ഇതോടെ സംസ്ഥാനപാതയിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു.
സ്ഥിരം അപകടം
വാഹനങ്ങൾ സ്ഥിരം അപകടത്തിൽപ്പെടുന്നയിടമാണ് എസ് വളവ്.
മാസങ്ങൾക്ക് മുമ്പ് കെ.എസ്.ആർ.ടി.സി.ബസ് ഈ വളവിൽ അപകടത്തിൽപ്പെട്ടിരുന്നു. ചെറുവാഹനങ്ങൾ സ്ഥിരം ഇവിടെ അപകടത്തിൽപ്പെടുന്നുണ്ട്. കുത്തനെയുള്ള ഇറക്കവും കൊടുംവളവുമാണ് പ്രശ്നം.