തൊടുപുഴ : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ലകളിലൊന്നാണ് ഇടുക്കിയെങ്കിലും ജില്ലയിലെ നീർത്തടങ്ങൾ നാശോന്മുഖമാകുന്നത് ഭൂഗർഭജലനിരപ്പിനെയും സാരമായി ബാധിക്കുന്നു. കഴിഞ്ഞ പത്തുവർഷത്തിനിടെ ഭൂഗർഭജലനിരപ്പ് അപകടകരമാംവിധമാണ് താഴ്ന്നിരിക്കുന്നത്.
കിണറുകളിൽ അരമീറ്റർ മുതൽ അഞ്ചുമീറ്റർ വരെയും, കുഴൽക്കിണറുകളിൽ 17 മീറ്റർ വരെയും ജലനിരപ്പ് താഴ്ന്നിട്ടുണ്ടെന്ന് കഴിഞ്ഞ വർഷം ജില്ലാ ഭൂജലവകുപ്പ് നടത്തിയ നിരീക്ഷണത്തിൽ കണ്ടെത്തി. ഭൂമിയുടെ ഉപരിതലത്തിൽ വെള്ളം കെട്ടിനിൽക്കാൻ സഹായിക്കുകയും, കിണറുകളടക്കമുള്ള കുടിവെള്ള സ്രോതസ്സുകളെ റീച്ചാർജ് ചെയ്യുകയും ചെയ്യുന്ന തണ്ണീർത്തടങ്ങൾ അപ്രത്യക്ഷമാകാൻ തുടങ്ങിയത് തന്നെയാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്.ജില്ലയിലെ 84 ശതമാനം കിണറുകളിലും ജലനിരപ്പ് താഴ്ന്നുകഴിഞ്ഞു. തണ്ണീർത്തടങ്ങളെ തിരിച്ചുപിടിക്കുകയും, ഭൂജലനിരപ്പ് താഴാതെ സംരക്ഷിക്കുകയും ചെയ്തില്ലെങ്കിൽ കിണറുകൾ പത്തുവർഷത്തിനുള്ളിൽ തന്നെ വറ്റി ഉപയോഗശൂന്യമാകും.
വേഗംകൂട്ടി കുഴൽക്കിണറുകളും
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുഴൽക്കിണറുകളുള്ള ജില്ലയാണ് ഇടുക്കി. അൻപതിനായിരത്തിനു മുകളിൽ കുഴൽക്കിണറുകളുണ്ടിവിടെ. പക്ഷേ, കണക്കിൽപ്പെടാത്തവ ഇതിലും ഇരട്ടിയാണ്. വേനൽക്കാലത്താണ് കുഴൽക്കിണറുകൾ കുഴിച്ചുകൂട്ടുന്നത്. ഇവ വൻതോതിലാണ് ജലമൂറ്റുന്നത്. ഹൈറേഞ്ചിൽ 150 മീറ്റർ വരെയും, ലോറേഞ്ചിൽ 100 മീറ്റർ വരെയും കുഴൽക്കിണർ നിർമിക്കാൻ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതൊന്നും പാലിക്കാതെയാണ് പലയിടത്തും കുഴിക്കുന്നത്. തോട്ടങ്ങളിലും മറ്റും ഇടതടവില്ലാതെയാണ് കുഴൽക്കിണറുകൾ പ്രവർത്തിക്കുന്നത്. ഇതും ജില്ലയിലെ ഭൂജലനിരപ്പ് താഴാനുള്ള പ്രധാനകാരണമാണ്.
വില്ലനാകുന്ന നഗരവത്കരണം
ഇടുക്കിയിലെ ഓരോ പ്രദേശങ്ങളും നഗരവത്കരണത്തിന്റെ പാതയിലാണ്. വികസനം കണ്ട് കണ്ണുതള്ളുമെങ്കിലും അതിന്റെ ഇരയായി തണ്ണീർത്തടങ്ങൾ ഇല്ലാതാകുന്നത് ആരും തിരിച്ചറിയുന്നില്ല. കൊച്ചിയുടെ ഉപനഗരമായി വളരുന്ന തൊടുപുഴ ഒരു 30 കൊല്ലം മുൻപുവരെ നെൽപ്പാടങ്ങളും, മറ്റ് തണ്ണീർത്തടങ്ങളുമെല്ലാം നിറഞ്ഞ പ്രദേശമായിരുന്നു. പക്ഷേ നഗരവത്കരണത്തിന് വേഗംകൂടിയതോടെ അതെല്ലാം നികത്തി മുകളിൽ കോൺക്രീറ്റ് കെട്ടിടങ്ങളും, സുന്ദരമായ റോഡുകളും ഉയർന്നു. വികസനമെത്തിയതോടെ റോഡുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളും നികത്തി വീടും, വ്യാപാരകേന്ദ്രങ്ങളുമെല്ലാം നിർമിച്ചു. മങ്ങാട്ടുകവല ബൈപ്പാസിലൂടെ സഞ്ചരിച്ച് ചുറ്റുമൊന്ന് കണ്ണോടിച്ചാൽ കാണാം ആ നീർത്തടങ്ങളുടെ അവശേഷിപ്പുകൾ. ചുരുക്കം ചില കുളങ്ങളും, ചതുപ്പുകളും, നീർച്ചാലുകളും ഇവിടെ ബാക്കിയുണ്ട്. പക്ഷേ, മാലിന്യം തള്ളിയും, ആരും തിരിഞ്ഞുനോക്കാതെയും അവയെല്ലാം നാശത്തിന്റെ വക്കിലാണ്.
(തുടരും)