അടിമാലി : കുമളി-അടിമാലി ദേശീയപാതയിൽ അടിമാലിമുതൽ കത്തിപ്പാറവരെയുള്ള ആറ് കിലോമീറ്റർ ദൂരം അപകടസാധ്യത കൂടിയ മേഖലയാകുന്നു. വളവിൽ കാഴ്ച മറയ്ക്കുന്ന കാടുകളും അമിത വേഗവുമാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്.
രണ്ട് വർഷത്തിനിടയിൽ മാത്രം ആറ് അപകടമരണങ്ങൾ ഉണ്ടായി. തിങ്കളാഴ്ച യുവതി മരിച്ച അപകടസ്ഥലത്ത് കാഴ്ച മറയ്ക്കുന്ന മരച്ചില്ലകളും കാടുകളുമുണ്ട്. ഇവിടെ എതിരേ വരുന്ന വാഹനങ്ങൾ കാണാൻ കഴിയില്ല.
പൊളിഞ്ഞ പാലം കവലയിൽ തോട്ടിലേക്ക് വാഹനങ്ങൾ ഏത് സമയവും വീഴാവുന്ന അവസ്ഥയിൽ കലുങ്ക് ഇടിഞ്ഞിരിക്കുകയാണ്. ആയിരം ഏക്കർ കല്ലമ്പലം വളവിൽ കേഡറുകൾ സ്ഥാപിച്ചെങ്കിലും അപകടത്തിന് കുറവില്ല.
അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾ കൊടും വളവ് അറിയാതെ കൊക്കയിൽ വീഴുന്നതും പതിവാണ്. അപകടവളവ് സൂചിപ്പിക്കുന്ന ബോർഡുകൾപോലും ഇവിടെയില്ല.